CWC Job Alert: 1.40 ലക്ഷം രൂപ വരെ ശമ്പളം! സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജറാകാൻ അവസരം
40,000 മുതൽ 1,40,000 രൂപ വരെ ഉയർന്ന ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.
സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, എൻജിനീയറിങ് വിഭാഗങ്ങളിലായി ആകെ 171 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദാനന്തര ബിരുദധാരികൾക്കും എൻജിനീയറിങ് ബിരുദമുള്ളവർക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും സ്ഥാപനത്തിന് ഓഫീസുകളുണ്ട്. അതിനാൽ കേരളത്തിലും സമീപ പ്രദേശങ്ങളിലും ജോലി ലഭിക്കാനുള്ള അവസരമുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ ശാസ്ത്രീയ സംഭരണത്തിനും സൂക്ഷിപ്പിനും ഉദ്യോഗസ്ഥ തലത്തിൽ നേതൃത്വം നൽകുകയാണ് പ്രധാന ചുമതല. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ, കോഴിക്കോട്, കാക്കഞ്ചേരി (കോഴിക്കോട് സർവകലാശാലയ്ക്ക് സമീപം), കഞ്ചിക്കോട്, എറണാകുളം, കാക്കനാട്, കൊച്ചി, എടത്തല, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ സെൻട്രൽ വെയർഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ മടിക്കൈയിൽ പുതിയ വെയർഹൗസിന്റെ നിർമ്മാണം പൂർത്തിയായി വരികയാണ്. ഇതുകൂടാതെ, അയൽ സംസ്ഥാനങ്ങളായ മംഗളൂരു, പനമ്പൂർ, കോയമ്പത്തൂർ, നാഗർകോവിൽ, ഉദുമൽപേട്ട് എന്നീ കേന്ദ്രങ്ങളിലും ജോലി ചെയ്യാനുള്ള അവസരമുണ്ട്.
ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ജനറൽ): ആകെ 70 ഒഴിവുകളാണുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിന് 28-ഉം, ഒ.ബി.സി (OBC) വിഭാഗത്തിന് 23-ഉം, പട്ടികജാതി (SC) വിഭാഗത്തിന് 9-ഉം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിന് (EWS) 7-ഉം, പട്ടികവർഗ്ഗ (ST) വിഭാഗത്തിന് 3 വീതവും ഒഴിവുകൾ കാറ്റഗറി തിരിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ പി.ജിയോ അല്ലെങ്കിൽ അംഗീകൃത ഡിപ്ലോമയോ പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ): ആകെ 60 ഒഴിവുകളാണുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിന് 25-ഉം, ഒ.ബി.സി (OBC) വിഭാഗത്തിന് 16-ഉം, പട്ടികജാതി (SC) വിഭാഗത്തിന് 9-ഉം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിന് (EWS) 6-ഉം, പട്ടികവർഗ്ഗ (ST) വിഭാഗത്തിന് 4 വീതവും ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. അഗ്രികൾച്ചറൽ ടെക്നോളജി, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ടെക്നോളജി മാനേജ്‌മെന്റ്, ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ ബാച്ചിലർ ബിരുദമോ അല്ലെങ്കിൽ സമാന വിഷയങ്ങളിലുള്ള എൻജിനീയറിങ് ബിരുദമോ (B.E/B.Tech) ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്): ആകെ 10 ഒഴിവുകളാണുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിന് 5-ഉം, ഒ.ബി.സി (OBC) വിഭാഗത്തിന് 3-ഉം, പട്ടികവർഗ്ഗ (ST) വിഭാഗത്തിന് 1-ഉം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിന് (EWS) 1-ഉം വീതം ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്. കോമേഴ്‌സ് ബിരുദവും അതിനുശേഷം ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ടിംഗ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ, ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി.എ (CA) / സി.എം.എ (CMA) ഇന്റർമീഡിയറ്റും പാസ്സായവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
അസിസ്റ്റന്റ് മാനേജർ എൻജിനീയറിങ് (സിവിൽ): ആകെ 22 ഒഴിവുകളാണുള്ളത് (ജനറൽ - 10, ഒ.ബി.സി - 6, എസ്.സി - 3, ഇ.ഡബ്ല്യു.എസ് - 2, എസ്.ടി - 1). സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്ക് (B.E/B.Tech in Civil) അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ എൻജിനീയറിങ് (ഇലക്ട്രിക്കൽ): ആകെ 5 ഒഴിവുകൾ (ജനറൽ - 3, ഒ.ബി.സി - 1, എസ്.സി - 1). ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യ ബിരുദമുള്ളവർക്കാണ് അർഹത.
അസിസ്റ്റന്റ് മാനേജർ എൻജിനീയറിങ് (മെക്കാനിക്കൽ): ആകെ 4 ഒഴിവുകൾ (ജനറൽ - 3, ഒ.ബി.സി - 1). മെക്കാനിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യ ബിരുദമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.