CRPF Sports Quota Recruitment: എഴുത്തുപരീക്ഷയില്ല, സിആർപിഎഫിൽ കായികതാരങ്ങൾക്ക് അവസരം; വനിതകൾക്കും അപേക്ഷിക്കാം
സിആർപിഎഫിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ അവസരം. നവംബർ 11നുള്ളിൽ അപേക്ഷിക്കാം.
സെൻട്രൽ റിസർവ്ഡ് പോലീസ് ഫോഴ്സിൽ കായിക താരങ്ങൾക്ക് അവസരം. സിആർപിഎഫ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ സ്പോർട്സ് ക്വാട്ടയിൽ മാത്രമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 521 ഒഴിവുകളാണ് ആകെയുള്ളത്. രണ്ട് തസ്തികകളിലും വനിതകൾക്കായി പ്രത്യേകം ഒഴിവുകളുമുണ്ട്. നവംബർ 11 വരെ ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിലും ക്രമസമാധാനം നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് സീആർപിഎഫ്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് സുരക്ഷ, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിൽ സിആർപിഎഫ് സേവനം ചെയ്യുന്നു.
ഒഴിവുകൾ
കോൺസ്റ്റബിൾ - ആകെ 339 ഒഴിവുകൾ. പുരുഷന്മാർ 258, വനിതകൾ 81.
ഹെഡ് കോൺസ്റ്റബിൾ - ആകെ ഒഴിവുകൾ 182. പുരുഷന്മാർ 150, വനിതകൾ 32.
കായിക ഇനങ്ങൾ തിരിച്ചുള്ള ഒഴിവുകൾ
അതലറ്റിക്സ് - 101 എണ്ണം
അക്വാട്ടിക്സ് - 60
ഷൂട്ടിങ് - 53
ഫുട്ബോൾ - 22
കബഡി - 27
വോളിബോൾ - 20
ബാസ്കറ്റ് ബോൾ - 16
ബോക്സിങ് - 20
കരാട്ടെ - 17
ജൂഡോ - 16
വാട്ടർ സ്പോർട്ട്സ് - 20
വുഷു - 20
ഹോക്കി - 15
തായ്ക്വോണ്ടോ - 14
വെയ്റ്റ് ലിഫ്റ്റിങ് - 19
റസലിങ് - 26
യോഗ - 12
ജിംനാസ്റ്റിക്സ് - 12
ഹാൻഡ് ബോൾ - 12
ബോഡി ബിൽഡിങ് - 11
ബാഡ്മിന്റൺ - 5
അമ്പെയ്ത്ത് - 3
യോഗ്യത
കോൺസ്റ്റബിൾ - ഒരു അംഗീകൃത പരീക്ഷാ ബോർഡിന്റെ പത്താം ക്ലാസ്സോ തത്തുല്യം പാസ്സയവർക്കോ അപേക്ഷിക്കാവുന്നതാണ്. സീനിയർ അല്ലെങ്കിൽ ജൂനിയർ തല ദേശീയ ഗെയിംസിലോ ചാമ്പ്യൻഷിപ്പിലോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളവരായിരിക്കണം. അല്ലെങ്കിൽ നാഷണൽ സ്കൂൾ ഗെയിംസിലോ ഖെലോ ഇന്ത്യ / ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിലോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കുറഞ്ഞത് മൂന്നാം സ്ഥാനമെങ്കിലും നേടിയിരിക്കണം. ഇതല്ലാത്തപക്ഷം, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ സർവ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
ഹെഡ് കോൺസ്റ്റബിൾ - ഒരു അംഗീകൃത ബോർഡ്/ സ്ഥാപനത്തിൽ നിന്ന് ഹയർ സെക്കൻഡറി/ തത്തുല്യം പരീക്ഷയിൽ വിജയം നേടിയിരിക്കണം. അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളവരായിരിക്കണം. അല്ലെങ്കിൽ ദേശിയ ഗെയിംസിലോ ചാമ്പ്യൻഷിപ്പിലോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനമെങ്കിലും നേടിയിട്ടുണ്ടാകണം. ഇതുമല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ വ്യക്തിഗത ഇനത്തിൽ രണ്ടാം സ്ഥാനമെങ്കിലും നേടിയിട്ടുണ്ടാകണം. ഈ നേട്ടങ്ങൾ 2024 സെപ്തംമ്പർ 30 നും 2026 സപ്തംബർ 30 നും ഇടയിൽ നേടിയതായിരിക്കണം.
പ്രായപരിധി
അപേക്ഷകരുടെ പ്രായം 18 നും 23 വയസ്സിനുമിടയിലായിരിക്കണം. കായിക താരങ്ങൾ എന്ന നിലയിൽ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ആനുകൂല്യമുണ്ടാകും. പിന്നാക്ക/ പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം 3/5 വയസ്സ് ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്ക് നിയമാനുസൃതമായ ആനുകൂല്യവുമുണ്ടായിരിക്കുന്നതാണ്.
സെലക്ഷൻ പ്രോസസ്
എഴുത്തുപരീക്ഷയില്ല. അപേക്ഷകർക്ക് നിർദ്ദിഷ്ട കായിക-ശരീര യോഗ്യതകൾ ഉണ്ടായിരിക്കണം. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത നേടുന്നവരെ അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമനം നൽകും.
ശമ്പളവും ആനുകൂല്യങ്ങളും
ഹെഡ് കോൺസ്റ്റബിൾ: 25,500 - 81,000 രൂപ വരെ
കോൺസ്റ്റബിൾ: 21,700 - 69,100 രൂപ വരെ
അടിസ്ഥാന ശമ്പളത്തിന് പുറമെ പി.എഫ്, ഗ്രാറ്റുവിറ്റി, വീട്ടുവാടക ബത്ത (HRA)/താമസസൗകര്യം, സൗജന്യ വൈദ്യസഹായം എന്നിവയുൾപ്പെടെയുള്ള എല്ലാ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.