Iran offers US: പശ്ചിമേഷ്യ സമാധാനത്തിന് വഴിയിലേക്ക്? ഏഴ് ദിവസത്തെ പദ്ധതിയുമായി ഇറാൻ, പന്ത് ഇനി അമേരിക്കയുടെ കോർട്ടിൽ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ ഏഴ് ദിവസത്തെ പദ്ധതി അവതരിപ്പിച്ചു. നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ആണവ ചർച്ചകൾ പുനരാരംഭിക്കാമെന്നും ഇറാന്‍.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഏഴ് ദിവസത്തെ പദ്ധതി ടെഹ്റാൻ മുന്നോട്ടുവെച്ചതായി ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അറിയിച്ചു. കഴിഞ്ഞ ജൂണിൽ യുഎസും ഇറാനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന് സമാനമാണ് നിർദേശങ്ങൾ.
ഹോർമുസ് തുറക്കാൻ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാനും, ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ ചർച്ചകൾ പുനരാരംഭിക്കാനുമുള്ള നിർദ്ദേശം ഇടനിലക്കാർ വഴി അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. നിബന്ധനകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഏഴാം ദിവസത്തിന്റെ അവസാനം ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്ന് ഇറാൻ വ്യക്തമാക്കുന്നു. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ധാരണയിലെത്താൻ കഴിയുന്നതാണ് നല്ലതെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറയുന്നു.
ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇടപെടലും ആക്രമണങ്ങളും അവസാനിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. സമാധാനപരമായ ആണവ കാര്യങ്ങളിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ ആവർത്തിച്ച് പറഞ്ഞു. എന്നാൽ ചർച്ചകൾ നടക്കുന്നതിനിടയിലും അമേരിക്കയും ഇസ്രായേലും തങ്ങൾക്കെതിരെ ആക്രമണം നടത്തിയെന്നും ഇറാൻ പറയുന്നു. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്ക് കാരണം ഇറാനാണെന്ന് വരുത്തിത്തീർക്കുകയാണ് അവർ ചെയ്യുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിമർശനം
അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വിമർശിച്ചു.
ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ വിശ്വാസം പുനഃസ്ഥാപിക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും യുഎൻ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കണമെന്നും പറഞ്ഞു.
ട്രംപിനെ കുറ്റപ്പെടുത്തി
ജൂണിലുണ്ടാക്കിയ കരാർ നടപ്പാക്കാത്തതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ കുറ്റപ്പെടുത്തി.
'ഞങ്ങൾ യുഎസ് പ്രസിഡന്റുമായി ഒരു കരാർ ഒപ്പുവെച്ചിരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നില്ല, തുറന്നുകിടക്കുകയായിരുന്നു. എന്നാൽ യാതൊരു കാരണവുമില്ലാതെ അമേരിക്ക ഞങ്ങളെ ആക്രമിച്ചു. ഞങ്ങളുടെ പരമോന്നത നേതാവിനെയും ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും അവർ കൊലപ്പെടുത്തി. ചർച്ചയ്ക്ക് തയ്യാറാവാതെ അവർ ആദ്യം ഞങ്ങളുടെമേൽ ബോംബ് വർഷിക്കുകയാണ് ചെയ്തത്. എല്ലാ വഴികളും അവർ അടച്ചു. എങ്കിലും ഞങ്ങൾ ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണ്.'
പന്ത് ട്രംപിന്റെ കോർട്ടിലെത്തിയിരിക്കുകയാണ്. ഇറാന്റെ ഉന്മൂലനമാണ് ലക്ഷ്യമെന്ന് ട്രംപ് പറയുമ്പോഴും യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പാണ് ഏറ്റവും നല്ല വഴിയെന്നും അമേരിക്കൻ പ്രസിഡന്റിന് അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.