Riyadh Schools: റിയാദിലെ സ്‌കൂളുകളിൽ ഇനി ഒരാഴ്ച ഓൺലൈൻ പഠനം! കാരണം മേഖലയിൽ സംഘർഷാവസ്ഥയോ?
റിയാദിലെ സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനം നിർദ്ദേശിച്ച് അധികൃതർ. ഹൂതി ആക്രമണത്തിന് പിന്നാലെയാണ് നടപടി.
റിയാദിലെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറുന്നു. ഒരാഴ്ചത്തേക്ക് സ്കൂളുകളിൽ ഓൺലൈൻ പഠനം നടത്താനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്കൂളുകളിൽ നിന്ന് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ നിന്നാണ് ഈ ആഴ്ചത്തെ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയ വിവരം രക്ഷിതാക്കൾ അറിയുന്നത്. ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെയാണ് സൗദിയുടെ നീക്കം. എന്നാൽ മേഖലയിലുള്ള സംഘർഷത്തെ തുടർന്നാണോ സ്കൂളുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതി വിമതർ ആക്രമണം നടത്തിയത്. ദക്ഷിണ നഗരമായ ഖമീസ് മുശൈത്ത്, തലസ്ഥാനമായ റിയാദ് മേഖലകളിലുണ്ടായ രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും വെടിവെച്ചിട്ടതായി സൗദി സഖ്യസേന അറിയിച്ചിരുന്നു.
ഖമീസ് മുശൈത്ത്, അബഹ എന്നീ പ്രദേശങ്ങളിൽ സൗദി സിവിൽ ഡിഫൻസ് മുൻകൂട്ടി തന്നെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ, തുർക്കി സൈനിക മേധാവി എന്നിവർ റിയാദിൽ അടിയന്തര യോഗം ചേർന്നിരുന്നു. സൗദിക്കെതിരെയുള്ള ഏത് ആക്രമണവും തങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' (Makkah Joint Defence Agreement) അടിസ്ഥാനത്തിൽ സംയുക്ത പ്രതിരോധ നടപടികൾ ശക്തമാക്കാനായിരുന്നു യോഗത്തിൽ തീരുമാനമായത്.
ചെങ്കടലിൽ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യൻ നഗരങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, കപ്പലുകൾ എന്നിവയ്ക്ക് നേരെ ഹൂതികൾ ആക്രമണം ശക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തിന് തൊട്ടുപിന്നാലെ ചെങ്കടൽ വഴിയുള്ള വിതരണ ശൃംഖലയും താറുമാറായത് ആഗോള എണ്ണവിപണിയെ രൂക്ഷമായി ബാധിച്ചു. മേഖലയിൽ യു.എസ്-ഇറാൻ സംഘർഷം പുകയുന്നതിനിടെ ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങൾ ഗൾഫ് മേഖലയിലാകെ വൻ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.