Cyclonic Storm: ബംഗാൾ ഉൾക്കടലിൽ 'മുരാസു' ചുഴലിക്കാറ്റ്; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ നവംബർ നാല് വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെട്ടതായി മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇന്ത്യ നിർദേശിച്ച മുരാസു എന്ന പേരിലാകും അറിയപ്പെടുക.
ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ ഒന്ന് മുതൽ നാല് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നവംബർ നാല് വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റന്നാൾ ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നവംബർ മൂന്നിന് കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെന്നും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം (Well-Marked Low pressure area) തുടരുന്നുവെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ രണ്ടിന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാധ്യതയുണ്ടെന്നും അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'-ന്റെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പിലുണ്ട്.
തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ കേരള-കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദ പാത്തി (Trough) നിലനിൽക്കുന്നുണ്ടെന്നും നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യതയുണ്ടെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. നവംബർ ഒന്ന് മുതൽ നാല് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.