IAS Reshuffle: ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം; എൻ. പ്രശാന്ത് കെ.എസ്.ഇ.ബി ചെയർമാൻ, പുതിയ നിയമനങ്ങൾ അറിയാം
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എൻ പ്രശാന്ത് കെഎസ്ഇബി ചെയർമാനാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. കെ.എസ്.ഇ.ബി ചെയർമാനായി എൻ. പ്രശാന്തിനെ നിയമിച്ചു. എം.ജി. രാജമാണിക്യത്തിന് പകരമാണ് എൻ. പ്രശാന്തിന്റെ നിയമനം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി പകരം ചുമതല മുഹമ്മദ് ഹനീഷിന് നൽകി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ, മിൻഹാജ് ആലത്തെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇതിന് പുറമെ ജലവിഭവം, ഭവനം, കയർ എന്നീ വകുപ്പുകളുടെ പൂർണ്ണ അധികച്ചുമതലയും ഇദ്ദേഹം നിർവ്വഹിക്കും.
അതേസമയം, ടി.വി. അനുപമ ഐ.എ.എസിനെ പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അവർക്ക് നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെയാണ് ഈ മാറ്റം. നേരത്തെ ദിവ്യ എസ്. അയ്യരും ടി.വി. അനുപമയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയായിരുന്നു. ധനകാര്യ വകുപ്പിലെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലം ഐ.എ.എസിനെയും നിയമിച്ചു.
ഡോ. ഷർമിള മേരി ജോസഫിന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും ഇവർ നിർവ്വഹിക്കും. മുഹമ്മദ് ഹനീഷ് എ.പി.എം. ഐ.എ.എസിനെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇതിന് പുറമെ ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ പ്രധാന വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുന്നതായിരിക്കും.
പുനീത് കുമാർ ഐ.എ.എസിനെ വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോ-ഓർഡിനേഷൻ & പ്രോഗ്രാം മാനേജ്മെന്റ് വിഭാഗം ഒ.എസ്.ഡി തസ്തികയുടെയും ന്യൂഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സ്ഥാനത്തിന്റെയും അധിക ചുമതല അദ്ദേഹം തുടർന്നും വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡോ. എം. ബീന ഐ.എ.എസിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു.
കൃഷി വകുപ്പ് സെക്രട്ടറിയായി ഡോ. വീണ എൻ. മാധവൻ ഐ.എ.എസിനെ നിയമിച്ചപ്പോൾ, കാർഷിക ഉൽപ്പാദന കമ്മീഷണറുടെ അധിക ചുമതല കൂടി അവർക്ക് നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് & ഐ.ടി. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി സുഹാസ് എസ്. ഐ.എ.എസിനെ നിയോഗിച്ചു. വ്യവസായ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, സിയാൽ (CIAL) മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളിൽ അദ്ദേഹം തുടരും. ശ്രീറാം സാമ്പശിവ റാവു ഐ.എ.എസിനെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചെങ്കിലും എക്‌സൈസ് കമ്മീഷണർ പദവിയിൽ അദ്ദേഹം തുടരും.
തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി പി. ബി. നൂഹ് ഐ.എ.എസിനെയും ജി.എസ്.ടി വകുപ്പ് കമ്മീഷണറായി ജാഫർ മലിക് ഐ.എ.എസിനെയും നിയമിച്ചു. അഫ്‌സാന പർവീൺ ഐ.എ.എസ് മിൽമ മാനേജിങ് ഡയറക്ടറായും നോർക്ക റൂട്ട്‌സ് സി.ഇ.ഒ ആയും ചുമതലയേൽക്കുമ്പോൾ, അനു കുമാരി ഐ.എ.എസിനെ പുതിയ ടൂറിസം ഡയറക്ടറായി നിയമിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തക