Kerala Rain Updates: അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് അലർട്ട് ഏഴ് ജില്ലകളിൽ
കനത്ത മഴയെ തുടർന്ന് ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.
ഇടിയോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം. തെക്കുകിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്‌നാടിന് മുകളിലും രൂപപ്പെട്ട ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയുമാണ് മഴ കനക്കാൻ കാരണം. തുടക്കത്തിൽ അഞ്ച് ജില്ലകളിൽ മാത്രമായിരുന്ന മുന്നറിയിപ്പാണ് നിലവിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്. മഴ ഞായറാഴ്ചയോടെ കുറയുമെന്നാണ് പ്രവചനം.
തിരുവനന്തപുരം ജില്ലയിൽ ഔദ്യോഗിക മഴ മുന്നറിയിപ്പുകളൊന്നും നിലവിലില്ലെങ്കിലും ഇടിയോട് കൂടിയ കനത്ത മഴ തുടരുന്നു. അതിനിടെ കൊല്ലം ജില്ലയിലുണ്ടായ ശക്തമായ മഴയിൽ റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം താറുമാറായി. സംഭവത്തിൽ മറ്റ് നാശനഷ്ടങ്ങളോ അപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.