Beypore Poll Defeat: ബേപ്പൂരിലെ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; യുഡിഎഫ് വോട്ട് ചോർച്ചയിൽ പിടിവിടാതെ പിവി അൻവർ
)
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിലെ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി രൂപീകരിച്ചു. ബേപ്പൂരിലെ ഫിറ്റ് സ്ഥാനാർത്ഥിയാണ് അൻവറെന്നും യുഡിഎഫ് വിജയത്തിൽ അൻവറിന്റെ പ്രയത്നവും ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു.
മാത്രമല്ല തിരഞ്ഞെടുപ്പിനായി ബേപ്പൂരിലേക്ക് അൻവറിനെ ക്ഷണിച്ചത് താനും ജയന്തും എന്‍ വിജയകൃഷ്ണനും ചേര്‍ന്നാണെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫ് വോട്ട് ചോർച്ചയിൽ അൻവർ പിടിമുറുക്കുകയാണ്. യുഡിഎഫ് വോട്ടുചോർച്ചയുടെ കണക്ക് അൻവർ പുറത്തുവിട്ടു. ഏഴ് ഡിവിഷനുകളിലെ വോട്ട് ചോർച്ചയുടെ കണക്കുകള്‍ നിരത്തിയ അൻവർ ബേപ്പൂര്‍ മേഖലയിലെ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്ന് ആവർത്തിക്കുകയും ചെയ്തു. കൂടാതെ ചെറുവണ്ണൂർ നല്ലളം മേഖലയിലെ കണക്കുകൾ ഇന്ന് പങ്കുവെയ്ക്കാമെന്നും അറിയിച്ചിട്ടുമുണ്ട്.
ഒപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്കിനേക്കാൾ തനിക്ക് 681 വോട്ട് കുറവാണ് ലഭിച്ചതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലേക്കാൾ എൽ ഡി എഫിന് മേഖലയിൽ വോട്ട് കൂടിയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിൽ 8000 ത്തോളം വോട്ടിന്റെ കുറവുവരുത്താൻ സാധിച്ചെന്നും അൻവർ വ്യക്തമാക്കി. തനിക്ക് ഇടതുപക്ഷത്തുനിന്നും വലിയ തോതിൽ വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് മേഖലയിലെ യുഡിഎഫ് വോട്ട് ചോർച്ച പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തതെന്നും അൻവർ വ്യക്‌തമാക്കിയിട്ടുണ്ട്.
പിവി അൻവറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെച്ചേർക്കുന്നു...
കോഴിക്കോട് കോർപ്പറേഷനിലെ 41 മുതൽ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്.ഇതിൽ 48 മുതൽ 54 വരെയുള്ള ഏഴ് ഡിവിഷനുകൾ ബേപ്പൂർ മേഖലയിലാണ്.
ഈ ഏഴു ഡിവിഷനുകളിൽ 49 ആമത്തെ ഡിവിഷനായ ബേപ്പൂർ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷൻ എൻഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂർ മേഖലയിൽ ഇല്ല എന്ന് ചുരുക്കം.
ഈ ഏഴു ഡിവിഷനുകളിൽ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകൾ ആണ്.യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാൻ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂർ മേഖലയിൽ എൽഡിഎഫിന് നേടാനായത്.2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 14000വോട്ടുകളോളം ആയിരുന്നു.
2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ,എൽഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിൽ എൽഡിഎഫ് 20430 വോട്ടുകൾ ഈ ഏഴ് ഡിവിഷനുകളിൽ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകൾ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്ക്.
തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്കിൽ നിന്നും 681 വോട്ടുകൾ കുറവായാണ് യുഡിഎഫ് സ്ഥാനാർഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ കണക്കിൽ നിന്നും 913 വോട്ടുകൾ കൂടുതൽ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകൾക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.
ഏഴു ഡിവിഷനുകളിൽ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്നും 8000 ത്തോളം വോട്ടുകൾ കുറക്കാൻ ഈ മേഖലയിൽ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകൾ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.
ഇടതുപക്ഷ കേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ ഈ തെരഞ്ഞെടുപ്പിൽ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാൻ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകൾ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
ബേപ്പൂർ മേഖലയിലും യുഡിഎഫ് വോട്ടുകൾ ചോർന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകൾ വലിയതോതിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോൾ പ്രത്യക്ഷത്തിൽ ഈ ചോർച്ച കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.
ചെറുവണ്ണൂർ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം....
പി.വി അൻവർ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)