Delhi Protest: ഡൽഹി വീണ്ടും സംഘർഷഭരിതം: വിദ്യാർത്ഥികളെ വലിച്ചിഴച്ചു, ജോൺ ബ്രിട്ടാസ് എം.പിയെ വാഹനത്തിലിട്ട് തല്ലി
ജോൺ ബ്രിട്ടാസ് എംപി, യുവനേതാക്കൾ, വിദ്യാർത്ഥികൾ എന്നിവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു.
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസിൽ സി.ജെ.പി, ഇടത് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ വീണ്ടും വ്യാപക സംഘർഷം. സമരം ചെയ്ത സി.ജെ.പി, എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്. പ്രതിഷേധിച്ച ജോൺ ബ്രിട്ടാസ് എം.പിയെ പോലീസ് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വഴിയിൽ ഇറക്കിവിട്ടു. പോലീസ് വാഹനത്തിൽ വെച്ച് തനിക്ക് മർദ്ദനമേറ്റതായി അദ്ദേഹം ആരോപിച്ചു.
സംഘർഷത്തിൽ എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിയുടെ നെറ്റി പൊട്ടി പരിക്കേറ്റു. ഡിവൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് അടക്കമുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചു.
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ നാളെ മുതൽ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് 'ഇന്ത്യാ' മുന്നണി. സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സി.ജെ.പിയുടെ സമരങ്ങൾക്കിടയിൽ ഉണ്ടായ അനിശ്ചിതത്വങ്ങൾക്കും പോലീസ് നടപടികൾക്കും പിന്നാലെ, വരും ദിവസങ്ങളിൽ പ്രതിഷേധങ്ങളുടെ മുൻനിരയിൽ സജീവമാകാനാണ് 'ഇന്ത്യാ' സഖ്യം തയാറെടുക്കുന്നത്. സി.ജെ.പിക്കും 'ഇന്ത്യാ' മുന്നണിക്കുമൊപ്പം എല്ലാത്തരം പ്രതിഷേധ സമരങ്ങളിലും ശക്തമായി ഒപ്പമുണ്ടാകുമെന്ന് സി.പി.എം വ്യക്തമാക്കി.
സി.ജെ.പിയുടെ സമരവുമായി സഹകരിക്കേണ്ടതില്ലെന്ന ധാരണ 'ഇന്ത്യാ' മുന്നണി യോഗത്തിലുണ്ടായെങ്കിലും പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു സി.പി.എമ്മും തൃണമൂൽ കോൺഗ്രസും. മുൻ മുഖ്യമന്ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കളെ നേരിട്ട് തെരുവിലിറക്കിയാണ് ഇന്നലെ ഈ പാർട്ടികൾ സി.ജെ.പിയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സി.ജെ.പിയുമായി അകലം പാലിക്കണമെന്ന കോൺഗ്രസിന്റെ നിലപാട് തള്ളി, സി.ജെ.പിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം ഒരുപോലെ നിലയുറപ്പിക്കുന്ന തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ് സി.പി.എം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.