Independence Day vs Republic Day: എന്താണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം?
Independence Day 2026: ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ നിങ്ങൾക്ക് അറിയാമോ ഇവ തമ്മിലുള്ള വ്യത്യാസം?
Diffrence Between Independence Day And Republic Day: ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനവും ജനുവരി 26 ന് റിപ്പബ്ലിക് ദിനവും വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇവ രണ്ടും പ്രധാനപ്പെട്ട ദേശീയോത്സവങ്ങളാണ്. ഈ ദിവസങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും വിവിധ സംഘടനകളിലും ത്രിവർണ്ണ പതാക ഉയർത്താറുണ്ട്. എങ്കിലും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല എന്നതാണ് സത്യം.
ശരിക്കും പറഞ്ഞാൽ ഇന്ത്യയുടെ ചരിത്രത്തിലെ വ്യത്യസ്തമായ രണ്ട് പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ രണ്ടു ദിനങ്ങളും. അതുകൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളിലും രാജ്യത്തുടനീളം ദേശഭക്തിയുടെ വികാരങ്ങൾ കൂടുതലായി കാണാം. എന്നാൽ ഇവയുടെ ചരിത്രപരമായ പ്രാധാന്യവും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം...
സ്വാതന്ത്ര്യദിനം എപ്പോൾ, എന്തുകൊണ്ട് ആഘോഷിക്കുന്നു?
1947 ആഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി. ഈ ചരിത്ര ദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ രാജ്യത്തുടനീളം പതാക ഉയർത്തൽ ചടങ്ങുകൾ, ദേശഭക്തി പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.
റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിക്കുന്നത്?
ഇന്ത്യൻ ഭരണഘടന 1949 നവംബർ 26 ന് അംഗീകരിക്കപ്പെട്ടുവെങ്കിലും അത് 1950 ജനുവരി 26 നാണ് പ്രാബല്യത്തിൽ വന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ദിവസമാണിത്. അതിനാലാണ് എല്ലാ വർഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ന്യൂഡൽഹിയിൽ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു. അതിൽ ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും അണിനിരക്കും.
ഈ രണ്ടു ദിവസങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യമായ ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. എന്നാൽ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെയും പ്രതീകമാണ് റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ സംബോധന ചെയ്യുമ്പോൾ റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന പ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നുത് രാഷ്ട്രപതിയാണ്.
അതായത്…
ആഗസ്റ്റ് 15 = സ്വാതന്ത്ര്യദിനം- ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനം
ജനുവരി 26 = റിപ്പബ്ലിക് ദിനം- ഭരണഘടനാ പ്രാബല്യത്തിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസം
ഈ രണ്ട് ദേശീയ ആഘോഷങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യം, ജനാധിപത്യം, ഭരണഘടനാ വ്യവസ്ഥ എന്നിവയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.