Messi Farewell: അർജന്റീനയ്ക്കൊപ്പം ഇനി മെസ്സിയില്ല, കണ്ണീരോടെ വിടപറഞ്ഞ് ഫുട്ബോള്‍ ഇതിഹാസവും ആരാധകരും
മെസ്സിയുടെ കാൽ പന്തിൽ തൊടുമ്പോൾ തന്നെ സ്റ്റേഡിയം ഒന്നടങ്കം ആർത്തുവിളിച്ചു. അവസാന മത്സര വിജയത്തോടെ മെസ്സി പടിയിറങ്ങി.
അർജന്റീനയും ബെനിനും തമ്മിലുള്ള സൗഹൃദ മത്സരം ഓരോ മെസ്സി ആരാധകനും വെറുമൊരു ഫുട്ബോൾ മത്സരമായിരുന്നില്ല. മെസ്സി അവസാനമായി അർജന്റീനയുടെ 10-ാം നമ്പർ ജഴ്സി അണിഞ്ഞെത്തുന്ന മത്സരം കാണാൻ നിരവധി ആരാധകരാണ് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്സിലെ എസ്റ്റാഡിയോ മോനുമെന്റൽ സ്റ്റേഡിയത്തിൽ എത്തിയത്. പ്രശസ്തരായ പലരുടെയും ഒപ്പം ഇതിഹാസ ഫ്രഞ്ച് സ്ട്രൈക്കർ ഡേവിഡ് ട്രെസെഗെറ്റ് കുടുംബസമേതമാണ് മത്സരം കാണാൻ എത്തിയത്.
മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ മെസ്സിക്ക് സ്റ്റേഡിയം ഒന്നടങ്കം ആദരവ് പ്രകടിപ്പിച്ചു. ദേശീയഗാനം ആലപിക്കുമ്പോൾ മെസ്സിയുടെ മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദേശീയഗാനം അവസാനിച്ചപ്പോൾ മെസ്സി കണ്ണീരിലായി. പരിശീലകൻ ലയണൽ സ്കലോണിക്കും കണ്ണീരടക്കാൻ സാധിച്ചില്ല. ടോസിന് മുൻപ് തന്നെ എതിർടീമായ ബെനിൻ മെസ്സിക്ക് മെമന്റോ സമ്മാനിച്ചു. കൂടാതെ മെസ്സിയെ ആദരിക്കുന്നതിനായി മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി അല്പസമയം നിർത്തിവെയ്ക്കുകയും ചെയ്തു.
മെസ്സിയുടെ കാല് പന്തിൽ തൊട്ടപ്പോൾ തന്നെ സ്റ്റേഡിയം ഒന്നടങ്കം ആർത്തുവിളിച്ചു. ആദ്യപകുതിയിൽ ടീമുകൾ പ്രതിരോധത്തിലായിരുന്നു അതിനാൽ ഗോൾരഹിതമായി അവസാനിച്ചു. 48-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് ഹെഡ് ചെയ്ത് നിക്കോളാസ് ഒട്ടമെൻഡി അർജന്റീനയുടെ ആദ്യ ഗോൾ നേടി. 62-ാം മിനിറ്റിൽ നിക്കോ പാസ് ടീമിന് മറ്റൊരു ഗോൾ കൂടി സമ്മാനിച്ചു. എന്നാൽ ആരാധകർ കാത്തിരുന്നത് മെസ്സിയുടെ ഗോളിന് വേണ്ടിയായിരുന്നു. 71-ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ലയണൽ മെസ്സി അർജന്റീനയ്ക്ക് വേണ്ടി തന്റെ അവസാന ഗോൾ സ്വന്തമാക്കി. ദേശീയ ടീമിനായുള്ള മെസ്സിയുടെ 126-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 3-0ന്റെ വിജയത്തോടെ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടു. അതേസമയം അർജന്റീനയ്ക്കായുള്ള കരിയർ അവസാനിപ്പിച്ചെങ്കിലും മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി മെസ്സി തുടർന്നും കളിക്കും.
തന്റെ പിതാവിനെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആരാധകരെയും സഹതാരങ്ങളെയും അഭിസംബോധന ചെയ്തത്. ഇരുപതിലേറെ വർഷമായി അർജന്റീന ജഴ്സി അണിയാൻ കഴിഞ്ഞത് വലിയൊരു അഭിമാനമാണെന്നും രാജ്യത്തിനായി കളിക്കുന്നത് ഏറ്റവും മനോഹരമായ കാര്യമാണെന്നും മെസ്സി പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അതിനായി താനും സഹതാരങ്ങളും കഠിനാധ്വാനം ചെയ്തതും അദ്ദേഹം ഓർമ്മിച്ചു. തന്റെ കരിയറിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച അർജന്റീനയോടും ആരാധകരോടും വിടപറയുമ്പോൾ വല്ലാത്ത വേദനയുണ്ടെന്ന് മെസ്സി പറഞ്ഞു. ഇനിമുതൽ ഗാലറിയിലിരുന്ന് താൻ ടീമിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.