Nagercoil YouTuber Gold Theft Case: യൂട്യൂബറുടെ വീട്ടിൽനിന്ന് 118 പവൻ കവർന്ന കേസ്: നാല് പേർ പിടിയിൽ
118 പവനാണ് പ്രതികൾ യൂട്യൂബറുടെ വീട്ടിൽ നിന്ന് കവർന്നത്. ഇതിൽ 98 പവൻ സ്വർണം കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: നാഗർകോവിലിന് സമീപം തമ്മട്ടുകോണത്ത് വനിതാ യൂട്യൂബറുടെ വീട്ടിൽനിന്ന് 118 പവൻ സ്വർണം മോഷ്ടിച്ച കേസിൽ നാലുപേരെ പോലീസ് പിടികൂടി. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് 98 പവൻ ആഭരണങ്ങൾ വീണ്ടെടുത്തതായി എസ്പി അൻഷുൽ നഗർ അറിയിച്ചു. ഈ മാസം 24-ന് രാത്രിയിലാണ് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിൽ വൻ കവർച്ച നടന്നത്.
വീട്ടിലുള്ള പണവും സ്വർണാഭരണങ്ങളും കാണിച്ചുകൊണ്ട് മധുമിത യൂട്യൂബിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു കവർച്ച. ഇവർ യൂട്യൂബിൽ ഇട്ട വീഡിയോ കണ്ടാണ് മോഷണസംഘം വീട് ലക്ഷ്യമിട്ടെത്തിയത്. മധുമിതയും ഭർത്താവും പുറത്തുപോയ സമയത്തായിരുന്നു സംഭവം. രാത്രി 12 മണിയോടെ തിരികെ എത്തിയപ്പോഴാണ് വീട്ടിലെ സ്വർണവും പണവും കവർന്ന വിവരം അറിയുന്നത്. തുടർന്ന് ഇരുവരും രാജാക്കമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മൂന്ന് ബൈക്കുകൾ സംശയകരമായ സാഹചര്യത്തിൽ കടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ വലയിലായത്. കവർച്ചാ സംഘം ശ്രീവൈകുണ്ഠത്തുണ്ടെന്ന വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇവർ കന്യാകുമാരിയിലേക്ക് കടന്നിരുന്നു. തുടർന്ന് 120 കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. എരമ്പക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇസക്കി പാണ്ടി, മുരുകൻ എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബാക്കി രണ്ടുപേരുടെ അറസ്റ്റും 98 പവൻ സ്വർണം വീണ്ടെടുക്കലും സാധ്യമായത്.
യൂട്യൂബ് വീഡിയോ കണ്ട ശേഷമാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകി. ദിവസങ്ങളായി വീടും പരിസരവും നിരീക്ഷണത്തിലായിരുന്നു. സംഭവദിവസം കാർ വീട്ടിൽ ഇല്ലെന്നു കണ്ടതോടെ ഉടമകൾ പുറത്തുപോയതായി ഉറപ്പുവരുത്തുകയും, വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി കവർച്ച നടത്തുകയുമായിരുന്നു. കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ നേതൃത്വത്തിൽ രാജാക്കമംഗലം പോലീസ് രൂപീകരിച്ച ഏഴ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ശ്രീവൈകുണ്ഠം വരെയുള്ള 160 സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ വലയിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.