UPI Tap and Pay: UPI ഇടപാടുകൾ ഇനി കൂടുതൽ എളുപ്പം: QR കോഡും പിൻ നമ്പറും ഇല്ലാതെ പണം നൽകാം
ക്യു.ആർ കോഡും പിൻ നമ്പറും ഇല്ലാതെ വേഗത്തിലും സുരക്ഷിതമായും യുപിഐ ഇടപാടുകൾ നടത്താം
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകൾ ഇനി വളരെ എളുപ്പത്തിലും വേഗത്തിലും നടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ 'ടാപ് ആൻഡ് പേ' (Tap and Pay) ഫീച്ചർ അവതരിപ്പിച്ചു. എൻഎഫ്‍സി (NFC) സൗകര്യമുള്ള സ്മാർട്ട്‌ഫോൺ അനുയോജ്യമായ പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലിൽ ടാപ് ചെയ്ത് യുപിഐ വഴി പണം നൽകാം. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ടാപ് ആൻഡ് പേ ഫീച്ചർ പ്രഖ്യാപിച്ചത്.
യുപിഐ ടാപ് ആൻഡ് പേ
നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (NFC) വഴി സമീപത്തുള്ള ഉപകരണങ്ങൾക്ക് വയർലെസ് ആയി വിവരങ്ങൾ കൈമാറാൻ കഴിയും. എൻഎഫ്‍സി സൗകര്യമുള്ള സ്മാർട്ട്‌ഫോണുകൾക്ക് ക്യൂ.ആർ കോഡ് (QR Code) സ്കാൻ ചെയ്യേണ്ടി വരില്ല. മാത്രമല്ല 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ (UPI PIN) നൽകേണ്ടതില്ല. പക്ഷെ അതിൽ കൂടുതൽ തുകയുള്ള ഇടപാടുകൾക്ക് ഉപയോക്താക്കൾ യുപിഐ പിൻ നൽകണം.
ക്യൂ.ആർ കോഡ് ആവശ്യമില്ല
ഫോണിലെ യുപിഐ (UPI) ഉപയോഗിച്ച് കടകളിൽ ഇനി ക്യു.ആർ കോഡ് സ്കാൻ ചെയ്യാതെ തന്നെ പണം നൽകാം. കടയിലെ പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലിൽ ടാപ് ചെയ്ത് പണം നൽകാം. ഇതിന് ഫോണിൽ ഇന്റർനെറ്റ് ഉണ്ടായിരിക്കണമെന്നില്ല മെഷീന്റെ ഇന്റർനെറ്റ് മതിയാകും.
മൈ യുപിഐ (MyUPI)
ആർബിഐ (RBI) അവതരിപ്പിച്ച മറ്റൊരു പ്രധാന ഫീച്ചറാണ് മൈ യുപിഐ (MyUPI). നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) ഫിനാൻസ് മോഡൽ ഫോർ ഇന്ത്യ (FiMI) എന്ന ചെറിയ ഭാഷാ മാതൃകയിൽ (Small Language Model) നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമാണിത്. ഇത് യുപിഐ ഹെൽപ്പ് 2.0 (UPI Help 2.0) എന്നാണ് അറിയപ്പെടുന്നത്.
വിവിധ ബാങ്കുകളിലും യുപിഐ ആപ്പുകളിലുമായി ഉപയോക്താക്കൾ നടത്തുന്ന എല്ലാ യുപിഐ ഇടപാടുകളുടെയും ഓട്ടോപേ മാൻഡേറ്റുകളുടെയും വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ കാണാൻ മൈ യുപിഐ സഹായിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ആക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സുരക്ഷാ മാനദണ്ഡങ്ങൾ
അസാധാരണമോ സംശയാസ്പദമോ ആയ എന്തെങ്കിലും പ്രവർത്തനങ്ങൾ തോന്നിയാൽ യുപിഐ വഴി പണം ഡെബിറ്റ് ചെയ്യുന്നത് തടയാൻ ഉപയോക്താക്കൾക്ക് സേഫ്റ്റി സ്വിച്ച് (Safety Switch) ഉപയോഗിക്കാം. മാത്രമല്ല ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ വെളിപ്പെടുത്താതെ തന്നെ യുപിഐ ഇടപാടുകൾ സ്വീകരിക്കാൻ യു.പി.ഐ നമ്പർ ഡെലിങ്ക് (UPI Number Delink) സൗകര്യം സഹായിക്കും.
കൂടാതെ ഇടപാട് നടത്തുന്നതിന് മുമ്പ് തന്നെ പണം സ്വീകരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ (Payee's Context-based Information) മറ്റൊരു പ്രത്യേകതയും ഇതിലുണ്ട്. അപരിചിതരായ വ്യക്തികൾക്ക് പണം അയക്കുമ്പോൾ തട്ടിപ്പുകളും വഞ്ചനകളും ഒഴിവാക്കാൻ ഇത് സഹായിക്കും.
കൂടുതൽ ഇളവുകൾ
മൈ യു.പി.ഐ (MyUPI) വഴി തെറ്റായി പണം നഷ്ടപ്പെട്ടാൽ പരാതികൾ വളരെ വേഗം പരിഹരിക്കാൻ സഹായിക്കുന്ന ഓട്ടോമേറ്റഡ് ചാർജ്ബാക്ക് (Automated Chargeback), ഏത് യു.പി.ഐ ആപ്പ് ഉപയോഗിച്ചും പഴയ ഇടപാടുകൾ വീണ്ടും പരിശോധിക്കാൻ സഹായിക്കുന്ന ട്രാൻസാക്ഷൻ റിപ്ലേ (Transaction Replay) തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
ടാപ് ആൻഡ് പേ വഴി പണം വേഗത്തിൽ നൽകാനും മൈ യു.പി.ഐ വഴി സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനും സാധിക്കുന്നതിനാൽ ഈ രണ്ട് സംവിധാനങ്ങളും ചേർന്ന് യു.പി.ഐ ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.