iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Deepika Padukone Acting Class: '​ദീപികയ്ക്ക് നൽകിയത് അടിച്ചുവാരൽ ടാസ്ക്' കണ്ണുനിറഞ്ഞ പരിശീലന ദിവസം ഓർത്തെടുത്ത് അനുപം ഖേർ

Entertainment

ദീപിക പദുക്കോണിന്റെ പരിശീലന കാലത്തെ അനുഭവം വെളിപ്പെടുത്തി അനുപം ഖേ‍‌ർ.

ദീപിക പദുക്കോണിന്റെ അഭിനയ പരിശീലന കാലത്തെ അനുഭവം പങ്കുവെച്ചത് മുതിർന്ന നടനും സംവിധായകനുമായ അനുപം ഖേർ. ഐഎഫ്എഫ്ഐ (IFFI) 2026 പാനൽ ചർച്ചയ്ക്കിടെയാണ് ബോളിവുഡിൽ എത്തുന്നതിന് മുൻപ് അനുപം ഖേറിന്റെ ആക്ടർ പ്രിപ്പയേഴ്സ് സ്കൂളിൽ ദീപിക മൂന്ന് മാസത്തെ കോഴ്സ് പൂർത്തിയാക്കിയതിനെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത്.

2006-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ‘ഐശ്വര്യ’യിലൂടെയാണ് ദീപിക അഭിനയരം​ഗത്തേക്ക് എത്തിയത്. തുടർന്ന് ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെ ദീപിക ബോളിവുഡിൽ ശ്രദ്ധേയയായി. മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും മോഡലിം​ഗ് പരിചയവും ഉണ്ടായിരുന്നതിനാൽ ദീപിക എല്ലാക്കാര്യങ്ങളും വളരെ അച്ചടക്കത്തോടെയും ചിലപ്പോൾ അസ്വാഭാവികതയോടെയുമാണ് ചെയ്തിരുന്നതെന്ന് അനുപം ഖേർ ഓർക്കുന്നു. ഒരിക്കൽ തറ അടിച്ചുവാരുന്ന വീട്ടുജോലിക്കാരിയായി അഭിനയിക്കാൻ ദീപികയ്ക്ക് ഒരു ടാസ്ക് നൽകി.

സാധാരണ ഒരു വീട്ടുജോലിക്കാരി ചെയ്യുന്നതിന് പകരം ഒരു പ്രത്യേക ഭം​ഗിയോടെയും ചിട്ടയോടെയുമാണ് ദീപിക അടിച്ചുവാരിയത്. അതിൽ സ്വാഭാവികതയില്ലാത്തതിനാൽ അനുപം ഖേർ തന്റെ വീട്ടിലെ ജോലിക്കാരിയെ ക്ലാസിലേക്ക് വിളിക്കുകയും തറ അടിച്ചുവാരാൻ ആവശ്യപ്പെടുകയും ചെയ്തു. അവർ എന്നും ചെയ്യുന്നതുപോലെ തികച്ചും സ്വാഭാവികമായി അത് ചെയ്തു കാണിച്ചു.

ദീപിക ഇതുപോലെ അടിച്ചുവാരുകയാണെന്ന് എനിക്ക് ബോധ്യമാകുന്നതുവരെ പരിശീലനം തുടരുമെന്ന് അനുപം ഖേർ കർശനമായി പറഞ്ഞു. ആദ്യഘട്ടത്തിൽ നിരാശയും അസ്വസ്ഥതയുമായ ദീപികയുടെ കണ്ണുകൾ നിറഞ്ഞതായി അനുപം ഖേർ ഓർമ്മിച്ചു. എന്നാൽ ​ദീപിക പിന്നീട് തികച്ചും സ്വാഭാവികമായും കൃത്യമായും ചെയ്തു കാണിച്ചു. ഇതിന് പിന്നാലെ ദീപിക തന്നോട് നന്ദി അറിയിച്ചതായും അനുപം ഖേർ പറഞ്ഞു. അഭിനയത്തിന് നിരന്തരമായ പരിശീലനവും അവസരങ്ങൾ നേടാൻ പ്രായോഗിക ബുദ്ധിയും അനിവാര്യമാണെന്ന് അനുപം ഖേർ വ്യക്തമാക്കി.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.