Jigris Movie: തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കോമഡി ചിത്രം 'ജിഗ്രിസ് ' ഒടിടിയിൽ; ഇനി മലയാളത്തിൽ ആസ്വദിക്കാം
തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ ചിത്രം മലയാളത്തിലും മികച്ച പ്രതികരണങ്ങൾ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.
സൗഹൃദവും നർമവും അപ്രതീക്ഷിത സംഭവങ്ങളും കോർത്തിണക്കിയ തെലുങ്ക് കോമഡി ചിത്രം 'ജിഗ്രിസി'ന്റെ മലയാളം പതിപ്പ് ഒടിടിയിലെത്തി. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ചിത്രം മലയാളത്തിലും മികച്ച പ്രതികരണങ്ങൾ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് സുഹൃത്തുക്കളുടെ ഗോവൻ യാത്രയും അതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും രസകരമായ പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ഹരീഷ് റെഡ്ഡി ഉപ്പല ഒരുക്കിയ ചിത്രത്തിൽ കാർത്തിക്, പ്രവീൺ, വിനയ്, പ്രശാന്ത് എന്നീ നാല് സുഹൃത്തുക്കളാണ് കേന്ദ്ര കഥാപാത്രങ്ങൾ.
കുട്ടിക്കാലം മുതൽ സൗഹൃദത്തിലുള്ള ഇവർ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഗോവയിലേക്ക് യാത്ര തിരിക്കുന്നത്. ആവശ്യത്തിന് പണമില്ല, മൊബൈൽ ഫോണില്ല, വഴികാട്ടാൻ ജിപിഎസുമില്ല. ആകെയുള്ളത് ഒരു പഴയ മാരുതി 800 കാർ മാത്രം. ഈ യാത്രയിൽ തുടർന്നുണ്ടാകുന്ന സംഭവ മുഹൂർത്തങ്ങളാണ് ചിത്രത്തെ രസകരമായ യാത്രാനുഭവമാക്കി മാറ്റുന്നത്.
ഹാസ്യരംഗങ്ങൾക്കൊപ്പം സൗഹൃദത്തിന്റെ ഊഷ്മളതയും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ ഇടംപിടിക്കുന്നു. പഴയകാല സൗഹൃദങ്ങളുടെയും ഒരുമിച്ചുള്ള യാത്രകളുടെയും ഓർമകൾ ഉണർത്തുന്ന രീതിയിലാണ് കഥയുടെ അവതരണം. ചിത്രത്തിലെ പ്രകടനത്തിന് നടൻ കൃഷ്ണ ബുരുഗുലയ്ക്ക് മികച്ച ഹാസ്യനടനുള്ള തെലങ്കാന ഗദ്ദർ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
കാർത്തിക് എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സ്വാഭാവികമായ ഹാസ്യവും വൈകാരികതയും ചേർന്ന അദ്ദേഹത്തിന്റെ പ്രകടനം ചിത്രത്തിലെ ശ്രദ്ധേയമായ ഘടകമാണ്. 'ജിഗ്രിസ്' സൗഹൃദവും യാത്രയും നർമവും ഇഷ്ടപ്പെടുന്ന ഒടിടി പ്രേക്ഷകർക്ക് ഒരു ഫാമിലി എന്റർടെയ്‌നറായി ആമസോൺ പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.