Puratchi Thalaivar MGR Movie: എംജിആർ ബയോപിക് 'പുരട്ചി തലൈവർ എംജിആർ' ഒരുങ്ങുന്നു, ജയലളിതയായി തൃഷ?
എംജിആറിന്റെ ജീവിതം ആസ്പദമാക്കി 'പുരട്ചി തലൈവർ എംജിആർ' ബയോപിക്കില്‍ ജയലളിതയായി തൃഷ പരിഗണനയില്‍.
മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഇതിഹാസ താരവുമായ എം.ജി. രാമചന്ദ്രനെന്ന എംജിആറിന്റെ ജീവിതം ആസ്പദമാക്കി 'പുരട്ചി തലൈവർ എംജിആർ' (Puratchi Thalaivar MGR) എന്ന പേരിൽ ജീവചരിത്ര സിനിമയൊരുങ്ങുന്നു. നടൻ ജെ. എം. ബഷീറാണ് ചിത്രത്തിൽ എംജിആറായി വേഷമിടുന്നത്. ചിത്രത്തിൽ മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയെ അവതരിപ്പിക്കാൻ നടി തൃഷയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
നിലവിൽ തൃഷയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ മുൻപ് ഒരു അഭിമുഖത്തിൽ തനിക്ക് അവസരം ലഭിച്ചാൽ ജയലളിതയുടെ കഥാപാത്രം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് തൃഷ വ്യക്തമാക്കിയിരുന്നു.
'പുരട്ചി തലൈവർ എംജിആർ' എന്ന സിനിമയിൽ എം. ജി. ആറിനൊപ്പം സി. എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടായിരിക്കും. ചെന്നൈ രാമാപുരത്ത് സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
സംവിധായകൻ, സംഗീതസംവിധായകൻ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും. എം. ജി. ആറിന്റെ സിനിമാജീവിതവും രാഷ്ട്രീയയാത്രയുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
എംജിആറും ജയലളിതയും തമ്മിലുള്ള ബന്ധവും അവരുടെ രാഷ്ട്രീയ ജീവിതവും പശ്ചാത്തലമാക്കി കങ്കണ റണാവത് നായികയായി എ. എൽ. വിജയി സംവിധാനം ചെയ്ത 'തലൈവി' എന്ന സിനിമ 2021-ൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ എംജിആറായി അഭിനയിച്ചത് നടൻ അരവിന്ദ് സ്വാമിയായിരുന്നു.
1997-ൽ പുറത്തിറങ്ങിയ തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മണിരത്നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രം 'ഇരുവർ'. ചിത്രം തമിഴ്നാട്ടിലെ രാഷ്ട്രീയത്തെയാണ് പശ്ചാത്തലമാക്കിയത്. ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച 'ആനന്ദൻ' കഥാപാത്രം എംജിഅറിനെയും പ്രകാശ് രാജ് അഭിനയിച്ച 'തമിഴ്ചെൽവൻ' എന്ന കഥാപാത്രം എം. കരുണാനിധിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.