SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Houthi Attack: സൗദിയിൽ വ്യോമാക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതി വിമത‍ർ

International

സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുകയാണ്.

Written By Roniya Baby Updated by Roniya Baby
Published: Nov 21, 2026, 11:09 AM | Updated: Nov 21, 2026, 11:09 AM

ദുബായ്: യെമനിലെ സാദ, മോഖ എന്നിവിടങ്ങളിലെ വൈദ്യുത നിലയങ്ങൾക്ക് നേരെ സൗദി അറേബ്യ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി സൗദിയിലെ തുറമുഖങ്ങളും ഊർജ നിലയങ്ങളും തകർക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി.

സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിമാനക്കമ്പനികൾ സൗദി ആകാശം ഒഴിവാക്കണമെന്നും ഹൂതി വക്താവ് യഹ്യ സരീ ആവശ്യപ്പെട്ടു. അടുത്ത മണിക്കൂറുകളിൽ തന്നെ അതിശക്തമായ വ്യോമാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 30 വരെയും ജിദ്ദയിലേക്കുള്ള സർവീസുകൾ 24 വരെയും നിർത്തിവെച്ചു. ഇൻഡിഗോയും തങ്ങളുടെ എല്ലാ സൗദി സർവീസുകളും 30 വരെ റദ്ദാക്കിയിട്ടുണ്ട്.

പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ആക്രമണ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ജിദ്ദ ഉൾപ്പെടെയുള്ള പ്രധാന തുറമുഖങ്ങളും ഷുഖൈഖ് വൈദ്യുത നിലയവും കടുത്ത ഭീഷണിയിലാണ്. സാദ, മോഖ പവർ പ്ലാന്റുകൾ തകർത്തതിന് പകരമായി ഷുഖൈഖ് പ്ലാന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. കൂടാതെ, റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ നിന്ന് ജീവനക്കാരും പൊതുജനങ്ങളും ഉടൻ ഒഴിഞ്ഞുപോകണമെന്നും ഹൂതികൾ നിർദേശിച്ചു.

അരാംകോയുടെ പ്രധാന എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന ജിസാനിൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൗദി ഭരണകൂടം അറിയിച്ചു. മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശങ്ങൾ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, യെമനിലെ ഹൊദെയ്ദ തുറമുഖത്ത് സൗദി സഖ്യസേന ശക്തമായ പ്രത്യാക്രമണം നടത്തി. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്തുന്നതിനായി ഹൂതികൾ ഈ തുറമുഖം ഉപയോഗിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്ന് സൗദി വ്യക്തമാക്കി. തുറമുഖത്ത് നിന്ന് സാധാരണക്കാർക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ അവസരമൊരുക്കിയ ശേഷമായിരുന്നു സൈനിക നടപടി.

ഹൂതികളുടെ സൈനിക കേന്ദ്രങ്ങളും ആയുധശേഖരങ്ങളും പൂർണമായും ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സനാ, സാദ, തായിസ് എന്നീ മേഖലകളിൽ സഖ്യസേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹൂതികൾക്ക് ആയുധങ്ങൾ എത്തിക്കുന്ന ഒരു പ്രധാന സംഭരണശാല തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author