US Submarine: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ; ഉപരോധം കടുപ്പിച്ച് യുഎസ്
ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും യുഎസും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവങ്ങൾ.
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ പിടിച്ചെടുത്തതായി ഇറാൻറെ ഇസ്ലാമിക് റെല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതീവ സങ്കീർണമായ ഓപ്പറേഷനിലൂടെയാണ് ഈ അണ്ടർവാട്ടർ വെഹിക്കിൾ പിടിച്ചെടുത്തതെന്ന് ഐആർജിസി വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും ആധുനികവും സാങ്കേതികപരമായി മികച്ചതുമായ ആളില്ലാ സബ്മറൈൻ ആണ് ഇതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇറാൻറെ അവകാശവാദത്തോട് യുഎസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പിടിച്ചെടുത്ത യുഎസ് സബ്മറൈൻറെ ചിത്രങ്ങളും ദൃശ്യങ്ങളും ഉടൻ പുറത്തുവിടുമെന്ന് ഐആർജിസി അറിയിച്ചു. ജലത്തിനടിയിലെ രഹസ്യാന്വേഷണ നിരീക്ഷണം, സമുദ്ര തട്ടിൻറെ മാപ്പിങ്, സമുദ്രബന്ധിത മൈനുകൾ കണ്ടെത്തുക, കേബിളുകളും പൈപ്പ് ലൈനുകളും പരിശോധിക്കുക എന്നിവയാണ് ഇത് പ്രധാനമായും ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും യുഎസും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നാണ്. ആഗോളതലത്തിൽ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിൻറെയും വലിയൊരു പങ്ക് ഇതുവഴി കടന്നുപോകുന്നതിനാൽ ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും ഊർജ്ജ വിപണിയെയും അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും സാരമായി ബാധിക്കും.