Israel Election: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്; തോൽവി ഭയന്ന് നെതന്യാഹു, അട്ടിമറി ആരോപണത്തിന് നീക്കം
ഇസ്രയേൽ പാർലമെൻറെ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി. തോൽവി ഭയന്ന് അട്ടിമറി ആരോപണത്തിനൊരുങ്ങുകയാണ് നെതന്യാഹു.
ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 44.9 ശതമാനം വോട്ടർമാരാണ് ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകൾ പ്രകാരം വോട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ജനങ്ങൾ കൂട്ടത്തോടെ ബൂത്തിലെത്തിയത് നെതന്യാഹുവിനും പാർട്ടിക്കും വെല്ലുവിളിയാകുമോ എന്ന ഭയമുണ്ട്. തിരിച്ചടിയുണ്ടായാൽ അട്ടിമറി ആരോപണം ഉന്നയിക്കാനുള്ള മുന്നൊരുക്കത്തിലാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി.
തോൽവി മുന്നിൽക്കണ്ട് വോട്ടെടുപ്പ് തടസ്സപ്പെടുത്തുവാനും വ്യാപക ക്രമക്കേട് ആരോപിക്കുവാനും ലിക്വിഡ് പാർട്ടി പദ്ധതിയിട്ടതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറബ് മേഖലകളിലെ ബൂത്തുകളിൽ കൃത്രിമം നടന്നുവെന്ന തരത്തിലും ആരോപണങ്ങൾ ഉന്നയിക്കാനാണ് പ്രധാന നീക്കം. ബുർഖയും മുഖാവരണവും ധരിച്ചെത്തുന്ന അറബ് വനിതകളെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കാതിരിക്കുക എന്നതുൾപ്പെടെയുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്.
മുഖാവരണം മാറ്റി പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് അറബ് മേഖലകളിലെ വോട്ടിങ് കേന്ദ്രങ്ങളിൽ മനഃപൂർവ്വം തടസ്സം സൃഷ്ടിക്കാൻ പാർട്ടി പ്രവർത്തകരെ നിയോഗിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്നാണ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഡയറക്ടർ ജനറൽ ഡീൻ ലിവ്‌നെ അറിയിച്ചിരിക്കുന്നത്. വോട്ടെടുപ്പിനായി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബൂത്തുകളിലേക്ക് വോട്ടർമാർ ഒഴുകിയെത്തിയതോടെ കടുത്ത ആശങ്കയിലായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീവ്ര പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇടത് കക്ഷികളും അറബ് പാർട്ടികളും ചേർന്ന് 'തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ' ശ്രമിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം വോട്ടർമാർക്ക് റെക്കോർഡ് ചെയ്ത ശബ്ദസന്ദേശങ്ങൾ അയച്ചു. ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചയും ആക്രമണവും തടയുന്നതിൽ പരാജയപ്പെട്ട നെതന്യാഹു ഭരണകൂടത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് ഈ ഉയർന്ന വോട്ടിങ് ശതമാനത്തിൽ നിഴലിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങളും വ്യാപക പരാതികളും റിപ്പോർട്ട് ചെയ്തു. ടെൽ അവീവിൽ വെച്ച് ഡെമോക്രാറ്റ്‌സ് പാർട്ടി നേതാവ് യെയർ ഗോലന് നേരെ കത്തിയുമായി ഒരാൾ ആക്രമണത്തിന് മുതിർന്നത് വൻ സുരക്ഷാ ആശങ്ക സൃഷ്ടിച്ചു. അക്രമിയെ പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. കൂടാതെ, വടക്കൻ ഇസ്രയേലിലെ തിബീരിയസിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ ബോർഡുകൾ തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.