iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Flydubai Cockpit Attack: ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക്: വെടിവെച്ചിടാൻ തയ്യാറെടുത്ത് ഇസ്രായേൽ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

International

9/11 മാതൃകയിലുള്ള ആക്രമണം തടയാൻ ഹൈജാക്ക് ചെയ്യപ്പെട്ട ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു.

ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് (flydubai) വിമാനത്തിൽ നിന്ന് ഹൈജാക്ക് സന്ദേശം ലഭിച്ചയുടനെ വിമാനത്തെ വെടിവെച്ചിടാൻ ഇസ്രായേൽ അധികൃതർ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്. ടെൽ അവീവ് വളരെക്കാലമായി 9/11 സമാനമായ ഒരു സാഹചര്യം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തെ എങ്ങനെ നേരിടാം എന്നും അവർ പരിശീലിച്ചിരുന്നു.

കമാൻഡ് സെന്റർ രൂപീകരിച്ചു

ഫ്ലൈ ദുബായ് വിമാനം ഏകദേശം 18,000 അടി താഴേക്ക് പെട്ടെന്ന് കൂപ്പുകുത്തിയപ്പോൾ തന്നെ ഇസ്രായേലി വ്യോമസേന കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഉടൻ തന്നെ മുൻകൂട്ടി നിശ്ചയിച്ച കമ്മിറ്റി യോഗം ചേർന്ന് ഒരു കമാൻഡ് സെന്റർ സ്ഥാപിച്ചു.

വിമാനം വെടിവെച്ചിടാനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ഇസ്രായേലി വ്യോമാതിർത്തി അടയ്ക്കുകയും ഫൈറ്റർ ജെറ്റുകളെ ഉടൻ തന്നെ പറത്തിവിടുകയും ചെയ്തു. എന്നാൽ ഇസ്രായേൽ അതിർത്തിയിലേക്ക് വിമാനം എത്തുന്നതിന് പകരം സൗദി അറേബ്യയിലേക്ക് തിരിയുന്നതായി ഇസ്രായേൽ കണ്ടെത്തി. അപ്പോഴേക്കും സൗദി അറേബ്യയും തങ്ങളുടെ യുദ്ധവിമാനങ്ങൾ അയച്ചിരുന്നു.

ഇസ്രായേൽ തുടർച്ചയായി കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിലാണ് വിമാനത്തിലുണ്ടായ യഥാർത്ഥ കാര്യങ്ങളെക്കുറിച്ച് അറിയാൻ സാധിച്ചത്. യാത്രക്കാർ ആക്രമണകാരിയെ കീഴടക്കിയെന്നും ഡ്യൂട്ടിയിലില്ലാത്ത രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലേക്ക് നീങ്ങുകയാണെന്നും സന്ദേശം ലഭിച്ചു.

ഇസ്രായേൽ വിമാനം വെടിവെച്ചിടുമോ?

ഹൈജാക്കിംഗ് സാഹചര്യമുണ്ടായാൽ അത് നേരിടാനുള്ള കൃത്യമായ പ്രോട്ടോക്കോള്‍ ഇസ്രായേലിനുണ്ട്. ഹൈജാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്ന ഒരു വിമാനം ഇസ്രായേൽ പെട്ടെന്ന് വെടിവെച്ചിടില്ല. ഗ്രൗണ്ട് കമാൻഡിന് കോക്ക്പിറ്റുമായി ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ, വിമാനം നിശ്ചിത ദൂരത്തേക്ക് അടുക്കുമ്പോൾ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ച് നേരിട്ട് സാഹചര്യം നിരീക്ഷിക്കും. യുദ്ധവിമാനങ്ങളുടെ പൈലറ്റുമാർ കോക്ക്പിറ്റ് പരിശോധിക്കാൻ കഴിയുന്നത്ര അടുത്തേക്ക് പോയി സ്ഥിതിഗതികൾ വിലയിരുത്തും. അതുപോലെ ക്യാബിനുള്ളിലെ യാത്രക്കാരുടെ അവസ്ഥയും അവർ വിലയിരുത്തും.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും ഹൈജാക്കാർ റേഡിയോ വഴി ബന്ധപ്പെടുകയോ ആവശ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ കമ്മിറ്റി പ്രതിരോധ മന്ത്രിയുമായും പ്രധാനമന്ത്രിയുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കൂ. എന്നാൽ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ വിമാനം സൗദിയിലേക്ക് പോവുകയും കോക്ക്പിറ്റിൽ നിന്ന് സന്ദേശം ലഭിക്കുകയും ചെയ്തു.

ഇസ്രായേലിന്റെ നയം

ഇസ്രായേലിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇസ്രായേലിനടുത്തേക്ക് വരുന്ന സംശയാസ്പദമായതോ നിയന്ത്രണാതീതമായതോ ആയ ഏതൊരു വിമാനവും ആകാശത്തുവെച്ച് വെടിവെച്ചിടും. പക്ഷെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇസ്രായേൽ പ്രധാനമന്ത്രിയാണ്.

ഹൈജാക്ക് ചെയ്ത വിമാനം ഇസ്രായേലിന്റെ പ്രധാന കെട്ടിടങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും 9/11 മാതൃകയിൽ ഇടിച്ചിറക്കിയാൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടും. അതിനേക്കാൾ ഭേദം, വിമാനത്തിലെ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുമെങ്കിലും ആകാശത്തുവെച്ചുതന്നെ വിമാനം നശിപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കുന്നതാണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.