Jordan Firing: ജോർദാനിൽ വിലാപയാത്രയ്ക്കിടെ പള്ളിക്ക് നേരെ വെടിവയ്പ്പ്; 7 പേർ കൊല്ലപ്പെട്ടു
ജോർദാനിൽ പള്ളിക്ക് നേരെയുണ്ടായ വെടിവയ്പിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
ജോർദാനിലെ കരാക് മേഖലയിൽ പള്ളിക്ക് നേരെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വിലാപയാത്രയ്ക്കിടെയാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 34 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാറിലെത്തിയ രണ്ട് അജ്ഞാതരാണ് ആക്രമണം നടത്തിയത്. വാഹനത്തിലെത്തിയ ഇവർ പുറത്തിറങ്ങി ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഏകദേശം അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിവയ്പ്പ് നടന്നു. ഇതിന് ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ഉബൈദുള്ള അൽ-മഅയ്ത സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണുള്ളത്. ആക്രമണം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഉബൈദുള്ള അൽ-മഅയ്ത വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ ഐക്യത്തിന് കോട്ടം തട്ടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹവഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ഈ സമയം വൻ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ചെത്തിയ ആക്രമികൾ പള്ളിയിലേക്ക് ഇരച്ചുകയറി മിനിറ്റുകളോളം വെടിയുതിർക്കുകയായിരുന്നു. കാറിലെത്തിയ രണ്ട് വ്യക്തികൾ പുറത്തിറങ്ങി വെടിയുതിർക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ക്രൂരവും സമാനതകളില്ലാത്തതുമായ ഭീകരാക്രമണമാണ് നടന്നതെന്ന് ജോർദാൻ ആഭ്യന്തര മന്ത്രി മാസെൻ അൽ-ഫറായ പറഞ്ഞു. മനുഷ്യത്വമില്ലാത്ത സംഘമാണ് ആക്രമണത്തിന് പിന്നിലുള്ളത്. ഇതുവരെ ജോർദാനിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും രാജ്യം ഭീകരവാദത്തിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോർദാനിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ അപൂർവ്വമാണ്. രാജ്യത്തെ ആകെ ജനസംഖ്യ 1.15 കോടിയോളമാണ്. ഇതിൽ ക്രൈസ്തവ സമൂഹത്തിന്റെ എണ്ണം ഏകദേശം മൂന്ന് ലക്ഷത്തോളമാണ്. എങ്കിലും, ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികളെ ആകർഷിക്കുന്ന നിരവധി ചരിത്രപ്രസിദ്ധമായ ബൈബിൾ പുണ്യസ്ഥലങ്ങൾ ജോർദാനിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.