Dhanraj Murder Case: ധനരാജ് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ
ധനരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
കണ്ണൂര്‍: സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 ലക്ഷം രൂപ പിഴ ഒടുക്കാനും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തുകയായിരുന്നു. രണ്ടും മൂന്നും പ്രതികള്‍ സഹോദരന്മാരാണ്.
അതേസമയം സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ധൻരാജിന്റേത് ക്രൂരമായ കൊലപാതകമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
പ്രതികൾ അഞ്ച് വർഷവും നാല് മാസവും തടവുശിക്ഷ അനുഭവിച്ച ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. ഐപിസി 447 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്ന് മാസം തടവും, അമ്മയെ ആക്രമിച്ചതിന് ഒരു വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസവും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാല് വർഷവും കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
മൂന്ന് പ്രതികളും ചേർന്ന് ആകെ 15 ലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടത്. പിഴയൊടുക്കുന്ന തുക ധനരാജിന്റെ കുടുംബത്തിന് കൈമാറും. കോടതി വിധിയിൽ പൂർണ്ണ തൃപ്തരാണെന്ന് പ്രോസിക്യൂട്ടർ ശ്രീധരൻ പ്രതികരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി ഇതിനെ വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
2016 ജൂലൈയിൽ ആയിരുന്നു കൊലപാതകം നടന്നത്. രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിനെ ഒരു സംഘം വീടിനു മുന്നിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനെ തുടർന്നായിരുന്നു നാല് മുതൽ 20 വരെയുള്ള പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്. പ്രജീഷ് സജീവ സിപിഎം പ്രവർത്തകനും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു. മറ്റ് സാക്ഷികളുടെ മൊഴികളുമായി ഇദ്ദേഹത്തിന്റെ മൊഴിക്ക് വൈരുധ്യങ്ങളുണ്ടെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ധനരാജിന്റെ അമ്മയുടെ മൊഴി കോടതി പൂർണ്ണമായും വിശ്വാസത്തിലെടുത്തിരുന്നു. പ്രതികളിൽ ചിലരെ അമ്മയ്ക്ക് തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും, ആക്രമണ സമയത്തെ അവരുടെ മാനസികാവസ്ഥ കണക്കിലെടുക്കുമ്പോൾ അത് സ്വാഭാവികമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.