iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

3,145 കോടിയുടെ ഓഹരി തകർച്ച: വ്യാജ ഊമക്കത്ത് കേസിൽ ബാങ്ക് അസി. മാനേജർക്കെതിരെ നടപടി

Kerala

വ്യാജ ഊമക്കത്ത് അയച്ച സംഭവത്തിന് പിന്നാലെ യൂണിയൻ ബാങ്കിനും ഓഹരിഉടമകൾക്കും കോടികളുടെ നഷ്ടമാണുണ്ടായത്.

കാസർകോട്: കാസർകോട്ടുനിന്ന് റിസർവ് ബാങ്കിനും പ്രമുഖ ദേശീയ ചാനലിനുമയച്ച വ്യാജ ഊമക്കത്ത് ഓഹരി വിപണിയിൽ വൻ തകർച്ചയ്ക്കിടയാക്കി. കത്തുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളെ തുടർന്ന് യൂണിയൻ ബാങ്കിനും ഓഹരിയുടമകൾക്കും ആകെ 3,145 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ബാങ്കിന്റെ ആസ്തിവിവരം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഊമക്കത്തിൽ ആരോപിച്ചിരുന്നത്.

ഊമക്കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം എത്തിയത് ബാങ്കിന്റെ മംഗളൂരു സോണൽ ഓഫീസിലെ അസിസ്റ്റന്റ് മാനേജർ ജെ. പുരന്ദരയിലേക്കാണ്. ബാങ്ക് അധികൃതരും പോലീസും നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് കാസർകോട് പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പുരന്ദര തന്നെയാണ് കത്തയച്ചതെന്ന് നിലവിൽ പൂർണമായി ഉറപ്പിക്കാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കാസർകോട്ടുനിന്ന് സാധാരണ തപാൽ വഴിയാണ് ഊമക്കത്തുകൾ അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് കത്തുകളും ഒരേദിവസം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് അറിയിച്ചു. സംഭവത്തിൽ ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിലെ ലോ ഓഫീസർ യു. റീജ നൽകിയ പരാതിയിലാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 316(4), 318(3) വകുപ്പുകൾക്ക് പുറമെ ഐടി ആക്ടിലെ 66-ാം വകുപ്പും ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ ബിസിനസ് വിവരങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്ത് പകർപ്പെയുത്ത പ്രതി, അത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തിരുത്തി ആർബിഐ ഗവർണർക്കും പ്രമുഖ ന്യൂസ് ചാനലിനും അയച്ചുകൊടുക്കുകയായിരുന്നു. ഈ വഞ്ചനയിലൂടെ ബാങ്കിനും ഓഹരിയുടമകൾക്കും 3,145 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.