Mission Chakkakomban: മിഷൻ ചക്കക്കൊമ്പൻ ഉച്ചയ്ക്ക് ശേഷം; തിരിച്ചടിയായി ഭൂപ്രകൃതിയും കാലാവസ്ഥയും
ആനയിറങ്കൽ അണക്കെട്ടിൻറെ ജലാശയത്തോട് ചേർന്നുള്ള ഒരു തുരുത്തിൽ ആണ് ചക്കക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.
ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള വനംവകുപ്പിൻറെ ദൌത്യം ഉച്ചവരെ താത്കാലികമായി നിർത്തിവച്ചു. നിലവിൽ ആന നിൽക്കുന്ന സ്ഥലം മയക്കുവെടി വയ്ക്കാൻ അനുയോജ്യം അല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം.
ആനയിറങ്കൽ അണക്കെട്ടിൻറെ ജലാശയത്തോട് ചേർന്ന ഒരു തുരുത്തിലാണ് ഇപ്പോൾ ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. മയക്കുവെടി ഏറ്റാൽ ആന പരിഭ്രാന്തനായി ഓടാനും വെള്ളത്തിലേക്ക് വീഴാനും സാധ്യത ഉണ്ട്. ഇത് ആനയുടെ ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ആശങ്കയാണ് ദൌത്യം നീട്ടിവയ്ക്കാൻ പ്രധാന കാരണം ആയത്.
ഇതിന് പുറമേ, ചക്കക്കൊമ്പന് സമീപം മറ്റ് നാല് കാട്ടാനകൾ കൂടി നിലയുറപ്പിച്ചിട്ടുള്ളതും ദൌത്യസംഘത്തിന് വെല്ലുവിളി ആകുന്നുണ്ട്. സാധാരണയായി രാവിലെ എട്ട് മണിക്ക് ശേഷം ഉറങ്ങുന്ന സ്വഭാവമാണ് ചക്കക്കൊമ്പ് ഉള്ളത് എന്നതും ദൌത്യം ഉച്ചയ്ക്ക് ശേഷം നടത്താൻ പ്രേരിപ്പിച്ചു.
രാവിലെ 80 ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിൽ കണ്ടെത്തിയ ആന പിന്നീട് അണക്കെട്ടിൻറെ ഭാഗത്തേക്ക് നീങ്ങുകയും ജലാശയത്തിലേക്ക് ഇറങ്ങുകയുമായിരുന്നു. ആനയെ സുരക്ഷിതമായി മറുകരയിലെത്തിച്ച് തുറസായ സ്ഥലത്തേക്ക് മാറ്റുകയാണ് ദൌത്യത്തിൻറെ അടുത്ത ഘട്ടം.
ഇതിന് ശേഷം സാഹചര്യം അനുകൂലം ആണെങ്കിൽ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളൂ. അഞ്ച് വെറ്ററിനറി ഡോക്ടർമാരും 15 അംഗ ട്രെക്കിങ് സംഘവും ഉൾപ്പെടെ നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവിധ ടീമുകളായി മിഷൻ ചക്കക്കൊമ്പനിൽ പ്രവർത്തിക്കുന്നത്.
ദൌത്യത്തിന് സഹായമായി വയനാട് മുത്തങ്ങയിൽ നിന്ന് എത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തോടൊപ്പം ഉണ്ട്. മുൻകരുതലിൻറെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തിട്ടുണ്ട്.
ദൌത്യത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് ഡ്രോൺ നിരീക്ഷണത്തിൻറെയും കുങ്കിയാനകളുടെയും സഹായത്തോടെ സിമൻറ് പാലം മുതൽ ബിഎൽ റാം വരെയുള്ള ഭാഗങ്ങളിൽ വനംവകുപ്പ് മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.