iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Palakkad News: പാലക്കാട് സഹോദരങ്ങളുടെ മരണം കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ, കസ്റ്റഡിയിൽ

പാലക്കാട്: സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മാതാവ് നിവേദ്യയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുട്ടികളുടെ മരണത്തിൽ സംശയമുണ്ടായിരുന്നതായി അച്ഛൻ ജോൺകുമാർ പറഞ്ഞു.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്‌റ്റിഫർ (മൂന്ന്) എന്നിവരെയാണ് ഇന്നലെ കുളിമുറിയിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‌നാട്ടുകാരുടെ പരാതിക്ക് പിന്നാലെയാണ് നിവേദ്യയെ പോലീസ് കസ്റ്റഡയിൽ എടുത്തത്.

ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ടുമാസം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. സംഭവദിവസം രാവിലെ ജോൺകുമാർ പണിക്കുപോയ സമയം വീട്ടിൽ നിവേദ്യയും മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വീടിന് മുൻവശത്ത് ജോലികൾ ചെയ്യുകയായിരുന്ന നിവേദ്യ, ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതെ വന്നതോടെ തിരച്ചിൽ നടത്തുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴി. സമീപവീടുകളിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുമുറ്റത്തെ കുളിമുറിയിൽ പരിശോധിച്ചപ്പോഴാണ് ടാങ്കിലെ വെള്ളത്തിൽ കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തിയതെന്നായിരുന്നു നിവേദ്യ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ കുട്ടികളെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മൂത്തകുട്ടി, മേനോൻപാറ ഗവ. യു.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ്, കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂളിൽ പോയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.