Mattannur Drug Bust: മട്ടന്നൂരിൽ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവഡോക്ടർമാർ പിടിയിൽ
രണ്ട് ഗ്രാം എംഡിഎംഎയാണ് യുവഡോക്ടർമാരിൽ നിന്ന് എക്സൈസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി
കണ്ണൂർ. മട്ടന്നൂരിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി യുവഡോക്‌ടർമാർ പിടിയിലായി. ഡോ. ഇർഷാദ്, ഡോ. സിദ്ധാർത്ഥ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഒരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറുമാണെന്നാണ് വിവരം. എംഡിഎംഎ സൂക്ഷിച്ചിരുന്ന ഇവരുടെ ഥാറും പോലീസ് പിടികൂടിയിട്ടുണ്ട്.
മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ഇവരുടെ ആഡംബര വാഹനമായ ഥാറിലുമായി സൂക്ഷിച്ചിരുന്ന 2.809 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ചോദ്യം ചെയ്യലിൽ ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെയുള്ള തുടർനടപടികൾ വടകര നാർക്കോട്ടിക് സ്‌പെഷ്യൽ കോടതിയിലാണ് നടക്കുക.
അതേസമയം കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ 11 കോടിയോളം രൂപ വിലമതിക്കുന്ന അഞ്ചര കിലോ എംഡിഎംഎയുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേരെ കർണാടക പോലീസ് പിടികൂടിയിരുന്നു. വിദ്യാരണ്യപുര, ഹെബ്ബാൾ, ഗിരിനഗർ പോലീസ് സ്റ്റേഷൻ പരിധികളിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. ഇതിൽ ഗിരിനഗറിൽ നിന്നു മാത്രം 8.64 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.
സംഭവത്തിൽ മലയാളികളായ ആഷിഖ്, ജാഫർ, വിദേശിയായ ജോസൈ ആബേൽ എന്നിവരും രണ്ട് കർണാടക സ്വദേശികളുമാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളെയും ഐടി ജീവനക്കാരെയും ലക്ഷ്യമിട്ട് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത അഞ്ചര കിലോയോളം എംഡിഎംഎയ്ക്ക് വിപണിയിൽ ഏകദേശം 10 കോടി 92 ലക്ഷം രൂപ വിലമതിക്കുമെന്നാണ് പോലീസ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.