Cheranalloor Accident: ചേരാനല്ലൂർ അപകടം: മകൻ വാഹനമെടുത്തത് തന്റെ അറിവോടെയല്ലെന്ന് ജഡ്ജി, ആർ.സി സസ്പെൻഡ് ചെയ്യരുതെന്നും ആവശ്യം
മകൻ കാറെടുത്തത് തൻറെ അറിവോടെയല്ലെന്നും അതിനാൽ ആർസി സസ്പെൻഡ് ചെയ്യരുതെന്നും ചേരാനല്ലൂർ കേസിലെ പ്രതിയായ ജഡ്ഡി.
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കാറിന്റെ ആർസി സസ്പെൻഡ് ചെയ്യരുതെന്ന് കേസിലെ പ്രതിയും കാർ ഉടമയുമായ അഡീഷനൽ സെഷൻസ് ജഡ്ജി. ഇത് ചൂണ്ടിക്കാട്ടി ജഡ്ജി മോട്ടർ വാഹന വകുപ്പിന് വിശദീകരണം നൽകി. മകൻ തന്റെ അറിവോടെയല്ല കാർ കൊണ്ടുപോയതെന്നായിരുന്നു ജഡ്ജി അറിയിച്ചത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തതിന് ആർസി സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആർടിഒ ആവശ്യപ്പെട്ടിരുന്നു. ആർടിഒയുടെ നോട്ടീസിനുള്ള മറുപടിയിലാണ് ജഡ്ജി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
തന്റെ വാദത്തിന് നിയമപരമായ സാധുതയുണ്ടെന്ന് തെളിയിക്കുന്നതിനായി സമാന കേസുകളിലെ മുൻകാല നടപടിക്രമങ്ങളുടെ പകർപ്പുകളും ജഡ്ജി ഹാജരാക്കിയിട്ടുണ്ട്. ഈ വിശദീകരണവും അനുബന്ധ രേഖകളും നിയമോപദേശത്തിനായി കൈമാറിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് നോർത്ത് പറവൂർ മാഞ്ഞാലി സ്വദേശിയും തട്ടുകട ഉടമയുമായ ജയബാലകൃഷ്ണൻ (55) മരിച്ചത്. കാർ അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മരിച്ച ജയകൃഷ്ണന്റെ കുടുംബം അഡീഷനൽ ജില്ലാ ജഡ്ജിയ്ക്കെതിരെ പരാതി നൽകിയിരുന്നു. അപകടത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ആരോപണത്തിൽ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നു.
അപകടം നടന്ന ദിവസം മുതൽ കേസിലെ ജഡ്ജിയുടെ ഇടപെടലുകളിൽ സംശയമുണ്ടെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ 238-ാം വകുപ്പ് പ്രകാരം പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അപകടദിവസം ജഡ്ജി പോലീസ് സ്റ്റേഷനിലെത്തിയെന്നും കുടുംബം ആരോപിച്ചു. സ്റ്റേഷനിൽവെച്ച് മൊബൈലിൽ ചിത്രീകരിച്ച വീഡിയോ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായും പരാതിയിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിന്റെ പേരിൽ മോട്ടോർ വാഹന നിയമത്തിലെ 199എ വകുപ്പ് പ്രകാരമാണ് ജഡ്ജിയെ കേസിൽ ഉൾപ്പെടുത്തിയത്. നിയമനടപടികളിൽനിന്ന് മകനെ രക്ഷിക്കാനായി തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിലും പ്രത്യേക അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.