കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിനെതിരെ വിസി; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി
16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വിസി സിസ തോമസ്.
തൃശൂർ: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി വിസി സിസ തോമസ്. അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെയാണ് വിസി സമീപിച്ചത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാണിച്ചാണ് വിസി ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് ആവശ്യം.
വിസി യെ കയ്യേറ്റം ചെയ്തെന്ന പേരിൽ എസ്എഫ്.ഐ പ്രവർത്തകരായ 16 വിദ്യാർത്ഥികളെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം ഈ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആറാഴ്ചയക്കുള്ളിൽ സ്പെൻഷനിലായ കുട്ടികൾക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നും ഉത്തരവുണ്ടായിരുന്നു. അച്ചടക്ക സമിതി റിപ്പോർട്ട് ഏകപക്ഷീയമായിരുന്നു. ക്ഷമിക്കുന്നത് ഒരാളുടെയും മഹത്വം കുറയക്കില്ലെന്നും അന്തസ്സ് ഉയർത്തുകയാണ് ചെയ്യുകയെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സസ്പെൻഷൻ റദ്ദാക്കിയ കോടതി അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കിയിരുന്നു. കൂടാതെ വിഷയത്തിൽ സർവകലാശാല പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സസ്പെൻഡ് ചെയ്ത് 84 ദിവസം പിന്നിട്ടപ്പോഴാണ് കോടതി വിധി വന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട സർവകലാശാലയുടെ തീരുമാനവും കോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥികളെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും, ചട്ടങ്ങൾ പാലിച്ച് പുതിയ അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമാകരുതെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.