Kochi Contaminated Water: കൊച്ചിയിൽ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യം; പരിശോധന ശക്തമാക്കാൻ കോർപ്പറേഷൻ
കൊച്ചിയിലെ ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ കണ്ടെത്തിയതിനെത്തുടർന്ന് പരിശോധന കർശനമാക്കാൻ കോർപ്പറേഷൻ.
കൊച്ചി: ഹോട്ടലുകളിൽ ലഭിക്കുന്ന കാനുകളിലും കുടിവെള്ളത്തിലും അപകടകരമായ അളവിൽ ഇ.കോളി (E.Coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നഗത്തിൽ വെള്ളം വിൽക്കുന്നവർക്കെതിരെ കർശന പരിശോധന നടത്താൻ കൊച്ചി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ ഹോട്ടലുകളിലും വഴിയോര കടകളിലും പരിശോധന നടത്തി. പല സാമ്പിളുകളിലും രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പൊതുജനാരോഗ്യത്തിൽ ആശങ്ക ഉയരുന്നുണ്ട്.
പരിശോധനയിൽ കണ്ടെത്തിയ 20 ലിറ്റർ കാനിലെ വെള്ളം കമ്പനി സീൽ ചെയ്തതല്ലെന്നും ഹോട്ടലിൽ തന്നെ നിറച്ചതാണെന്നും ഡി.എം.ഒ ഡോ. ഷഹിർഷ വ്യക്തമാക്കി. എന്നാൽ വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട് നിലവിൽ ഹോട്ടലിലെ കിണർ ക്ലോറിനേറ്റ് ചെയ്യാൻ നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു. മലിനജലം ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നതാണ് കൊച്ചിയിൽ കുടിവെള്ള മലിനീകരണത്തിന്റെ പ്രധാന കാരണമെന്ന് ഡി.എം.ഒ വ്യക്തമാക്കി. മാത്രമല്ല വീടുകൾ തമ്മിൽ വളരെ അടുത്തായതിനാൽ കിണറുകൾക്ക് സമീപമാണ് പല വീടിന്റെയും സെപ്റ്റിക് ടാങ്കുകൾ ഇത് വെള്ളം മലിനമാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
കലൂരിലെ ഒരു കടയിൽ നിന്നാണ് ഇ.കോളി ബാക്ടീരിയ കണ്ടെത്തിയ മലിനമായ കാൻ പിടിച്ചെടുത്തത്. വൈറ്റിലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യു. നഗരത്തിലെ ഹോട്ടലുടമകളുടെയും കുടിവെള്ള വിതരണക്കാരുടെയും യോഗം വിളിക്കാൻ നഗരസഭ പദ്ധതിയിടുന്നുണ്ട്. നഗരത്തിൽ വലിയ അളവിൽ വെള്ളം ആശ്രയിക്കാൻ തക്കവണ്ണം കിണറുകളോ ജലാശയങ്ങളോ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരും നഗരത്തിന് പുറത്തുനിന്നാണ് വെള്ളം എത്തിക്കുന്നത്.
ദീർഘകാല പദ്ധതി എന്ന നിലയിൽ കേരള വാട്ടർ അതോറിറ്റി (KWA) നൽകുന്ന വെള്ളം ഉപയോഗിക്കാൻ ഹോട്ടലുടമകളെ പ്രേരിപ്പിക്കാൻ നഗരസഭ പദ്ധതിയിടുന്നത്. എന്നാൽ നഗരത്തിലെ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും എണ്ണം വെച്ച് നോക്കുമ്പോൾ ഈ നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ഹോട്ടലുടമകളുടെ പ്രതികരണം.
അതേസമയം, പ്രശ്നം പരിഹരിക്കുന്നതിനായി ഹോട്ടലുകളിലെ സംയുക്ത പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജോസ് ലോറൻസ് വ്യക്തമാക്കി. ഉയർന്ന അളവിൽ ഇ.കോളി ബാക്ടീരിയ കണ്ടെത്തിയ 20 ലിറ്റർ കുടിവെള്ള കാൻ വിതരണം ചെയ്തത് കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണെന്നാണ് സംശയം.
ഇത്തരത്തിലുള്ള യൂണിറ്റുകളിൽ വെള്ളത്തിന്റെ ഉറവിടം പരിശോധിക്കാൻ പരിശോധനകൾ നടത്തുമെന്നും ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 27 മുതൽ ആഗസ്റ്റ് 24 വരെ ആരോഗ്യവകുപ്പ്, കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം കൊച്ചിയിലെ ആകെ 1,108 ഭക്ഷണശാലകളിൽ പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.