Kochi Metro: കൊച്ചി മെട്രോ രണ്ടാം ഘട്ടം, ട്രാക്ക് നിര്‍മാണം അടുത്ത ആഴ്ച ആരംഭിക്കും
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ട്രാക്ക് നിര്‍മാണം അടുത്ത ആഴ്ച ആരംഭിക്കും.
കൊച്ചി മെട്രോ രണ്ടാം ഘട്ട പാതയുടെ ട്രാക്ക് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. റെയിലുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള 'ഫ്ലാഷ് ബട്ട് വെൽഡിങ്' (FBW) പ്രവർത്തനങ്ങളോടെയാണ് ഇതിന് തുടക്കമാകുന്നത്.
റെയിലുകൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള മെഷീനുകൾ കൊച്ചിയിൽ എത്തിച്ച് ടെസ്റ്റ് വെൽഡിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ സാമ്പിൾ പരിശോധനയ്ക്കായി സതേൺ റെയിൽവേ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം അനുകൂലമായാൽ ഉടൻ നിർമാണം ആരംഭിക്കും.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ (13 കിലോമീറ്റർ ഡബിൾ ലൈൻ) ദൈർഘ്യമുള്ള പിങ്ക് ലൈൻ പദ്ധതിയുടെ എലിവേറ്റഡ് മേൽപ്പാലങ്ങളുടെ നിർമാണം 70 ശതമാനം പൂർത്തിയായി. ഇതിനോടകം 954 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ 2027 ഓഗസ്റ്റ് എന്ന സമയപരിധിക്ക് അനുസൃതമായി അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
യാത്രക്കാർക്കായി പാതയിലെ 11 സ്റ്റേഷനുകളിലും കേരളത്തിന്റെ സംസ്കാരം, കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വേറിട്ട പ്രമേയങ്ങൾ അവതരിപ്പിക്കും. പാലാരിവട്ടം ജംഗ്ഷനിൽ കേരളത്തിലെ കാർട്ടൂണുകളും കാർട്ടൂണിസ്റ്റുകളുടെ രചനകളും പ്രദർശിപ്പിക്കും. ആലിൻചുവട് സ്റ്റേഷനിൽ പരമ്പരാഗത കൈത്തറി വ്യവസായവും, ചെമ്പുമുക്ക് സ്റ്റേഷനിൽ പരമ്പരാഗത സംഗീതോപകരണങ്ങളും പ്രദർശിപ്പിക്കുമ്പോൾ വാഴക്കാല സ്റ്റേഷനിൽ പരമ്പരാഗത വിളക്കുകളാകും പ്രദർശിപ്പിക്കുക. പടമുകൾ സ്റ്റേഷനിൽ കയർ വ്യവസായവും, കാക്കനാട് സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ആറന്മുള കണ്ണാടിയും കൊച്ചി സെസ് സ്റ്റേഷനിൽ പരമ്പരാഗത ആഭരണങ്ങളും പ്രദർശിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.