Online Trading Scam: പ്രവാസി മലയാളിയെ കുടുക്കി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘം; നഷ്ടമായത് 2.11 കോടി രൂപ, അന്വേഷണം
ഓൺലൈൻ ട്രെഡിങ് തട്ടിപ്പിനിരയായ പ്രവാസി മലയാളിക്ക് നഷ്ടമായത് രണ്ട് കോടിയിലധികം രൂപ. സംഭവത്തിൽ അന്വേഷണം തുടങ്ങി.
കൊച്ചി: ഓൺലൈൻ ഓഹരി കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനെ തുടർന്ന് ദുബായ് മലയാളിക്ക് നഷ്ടപ്പെട്ടത് 2.11 കോടി രൂപയാണ്. ദുബായിൽ ജോലി ചെയ്യുന്ന എറണാകുളം കുന്നത്തുനാട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തട്ടിപ്പിനിരയായ ആളുടെ സുഹൃത്തായ മാവേലിക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്റർനെറ്റിൽ കണ്ട ഒരു അംഗീകൃത ഓഹരി ട്രേഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് ലിങ്കിലൂടെയാണ് തട്ടിപ്പിനിരയാകുന്നത്. ലിങ്ക് ക്ലിക്ക് ചെയ്ത പ്രവാസിയെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. തുടർന്ന് ട്രേഡിങ് കമ്പനിയുടെ മാതൃകമ്പനിയാണെന്ന് പറഞ്ഞ് അതേ പേരിലുള്ള വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് നൽകുകയായിരുന്നു. പിന്നീട് കമ്പനിയുടെ ആപ്പിൽ ലോഗിൻ ചെയ്യിപ്പിച്ചു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു നീക്കം.
പണമിടപാടുകൾ നടത്തുന്നതിനായി തട്ടിപ്പുകാർ തന്നെ പ്രവാസിക്ക് ഒരു ഫോൺ നമ്പറും ടെലിഗ്രാം ചാനലും നൽകി. ഇവർ പറഞ്ഞ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവാസി പണം അയയ്ക്കുകയായിരുന്നു. 2025 ഒക്ടോബർ 9 മുതൽ നവംബർ 26 വരെയുള്ള കാലയളവിലാണ് പണം കൈമാറിയിട്ടുള്ളത്. 2.11 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ കൈമാറിയത്. എന്നാൽ, വാഗ്ദാനം ചെയ്തിരുന്ന ലാഭമോ മുതലോ തിരികെ നൽകിയില്ല.
അംഗീകൃത ട്രേഡിങ് കമ്പനികളുടെ മാതൃകയിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്പും നിർമ്മിച്ചാണ് സംഘം പണം തട്ടിയതെന്നാണ് റൂറൽ സൈബർ പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപും സമാന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളിലൂടെ മലയാളികൾക്ക് കോടിക്കണക്കിന് രൂപ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വർഷം കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.7 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്; ആ കേസിൽ ഹൈദരാബാദ് സ്വദേശിയടക്കം നിരവധി പേർ അറസ്റ്റിലായിരുന്നു. കുന്നത്തുനാട് സ്വദേശിക്ക് പണം നഷ്ടമായ പുതിയ കേസിൽ ഭാരതീയ ന്യായ സംഹിത (BNS) 318 (4), ഐടി നിയമത്തിലെ 66 (ഡി) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.