Stale Food: കോഴിക്കോട് പഴകിയതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ പിടികൂടി; പിടികൂടിയത് ബേക്കറികളിലേക്ക് നൽകാൻ സൂക്ഷിച്ച മുട്ടകൾ
ബേക്കറികളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച കേടായ മുട്ടകൾ പിടികൂടിയ സംഭവത്തിലാണ് തുടർ നടപടി.
കോഴിക്കോട്: മാവൂരിൽ പഴകിയതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ പിടികൂടിയ സ്ഥാപനങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു. തുടർ പരിശോധനയിൽ വ്യക്തമായ ക്രമക്കേടുകൾ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ പിടിച്ചെടുത്ത മുട്ടകൾ സ്വന്തം ചിലവിൽ അടിയന്തരമായി നശിപ്പിച്ചു കളയാനും സ്ഥാപന ഉടമൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാവൂർ കൂളിമാട് റോഡിൽ പ്രവർത്തിക്കുന്ന പുനത്തിൽ എഗ് ട്രേഡേഴ്സ്, പി യു എഗ് ട്രേഡേഴ്സ് എന്നീ കടകളിൽ ചൊവ്വാഴ്ച നടന്ന പരിശോധനയിലായിരുന്നു ഏകദേശം പതിനേഴായിരത്തോളം കേടായ മുട്ടകൾ കണ്ടെത്തിയത്.
വിവിധ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ശേഖരിച്ചുവച്ചതായിരുന്നു ഇവ. എന്നാൽ, പരിശോധന നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും കടകളിൽ അവശേഷിക്കുന്ന പഴകിയ മുട്ടകൾ നശിപ്പിക്കാൻ ഉടമകളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് ഉടമകൾ ഉദ്യോഗസ്ഥർക്ക് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ജോലിക്കാർക്ക് ആവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.
ഇതിന് പുറമേ, കടകളിലേക്ക് മുട്ട എത്തിച്ചുനൽകുന്ന വിതരണക്കാരുടെ വിവരങ്ങൾ കൈമാറാനും ഉടമകൾ വിസമ്മതിച്ചു. ഈ വീഴ്ചകളെത്തുടർന്ന് രണ്ട് കടകളുടെയും ലൈസൻസ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർപരിശോധനയിലും കൂടുതൽ നിയമലംഘനങ്ങൾ ബോധ്യപ്പെട്ട സാഹചര്യത്തിൽ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും വിശദമായ റിപ്പോർട്ട് ആർഡിഒയ്ക്ക് സമർപ്പിക്കാനുമാണ് വകുപ്പിൻറെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.