Maniyoor Pocso Case: മണിയൂർ പോക്സോ കേസിൽ പ്രതിഷേധം; കർമസമിതിയുടെ മാർച്ചിൽ സംഘർഷം, പോലീസും പ്രവർത്തകരും ഏറ്റുമുട്ടി
മണിയൂർ പോക്സോ കേസിൽ പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണം. കർമസമിതി നടത്തിയ മാർച്ചിൽ സംഘർഷം.
കോഴിക്കോട്: മണിയൂരിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് കർമസമിതി കോഴിക്കോട് റൂറൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേസിലെ പ്രതി വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പിരിഞ്ഞു പോകാൻ തയാറായിരുന്നില്ല. ഇതിനിടെ ബാരിക്കേഡ് കടന്ന് മുകൾവശത്തെ വീട്ടുപറമ്പിലൂടെ പ്രതിഷേധക്കാരിൽ ചിലർ അകത്ത് കടക്കാർ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.
പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇതോടെ ഇവിടേക്ക് കൂടുതൽ പ്രവർത്തകർ എത്തി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചത്.
12-കാരിയെ പീഡിപ്പിച്ച പ്രതി റഫീഖ് നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. സർക്കുലർ നിലനിൽക്കെ വിദേശത്ത് നിന്ന് ഇയാൾ നാട്ടിലെത്തിയിട്ടും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാതെ വന്നതോടെയാണ് പ്രതിഷേധം ഉയർന്നത്. അതിനിടെ പ്രതിക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് മുൻകൂർ ജാമ്യം റദ്ദാക്കാൻ പയ്യോളി പോലീസ് കൊയിലാണ്ടി പോക്‌സോ കോടതിയിൽ ഹർജി നൽകുകയും ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തില്ല.
ജാമ്യം റദ്ദാക്കുന്ന വിധി വരുന്നതിന് മുൻപായി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റഫീഖിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. വടകര റോഡ് ചങ്ങരോത്ത് സ്വദേശിയാണ് വ്യാപാരി കൂടിയായ പ്രതി അബ്ദുൾ റഫീഖ്. കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസങ്ങൾക്ക് ശേഷവും ഇയാളെ പോലീസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല.
പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി 12 വയസ്സുകാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ഇയാൾ രണ്ട് വർഷത്തോളം നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പോലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.