PA Mohammed Riyas: ഇഡി നീക്കങ്ങളിൽ ഭയമില്ല, നിയമപരമായും രാഷ്ട്രീയമായും നേരിടും: വീണയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് പി.എ. മുഹമ്മദ് റിയാസ്
)
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങളിൽ ഭയന്നു നിൽക്കില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഇഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ബിജെപിക്കെതിരായ ശക്തമായ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും മതനിരപേക്ഷതയ്ക്കായി അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎൽ വിഷയത്തിൽ ഇ.ഡി നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎംആർഎലിന് ടി. വീണയുടെ കമ്പനി സേവനം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയപ്പോൾ, ഇല്ലെന്ന രീതിയിലാണ് മൊഴി പുറത്തുവിട്ടതെന്നും ഇല്ലാത്ത മൊഴിയാണ് വീണയുടെ പേരിൽ മാധ്യമങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മെയ് 27-ലെ ഇ.ഡി റെയ്ഡിന് ശേഷം വ്യാജ കഥകളാണ് പ്രചരിക്കുന്നത്. ടി. വീണയുടെ മൗനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടന പൗരന് അവകാശം നൽകുന്നുണ്ടെന്നും റിയാസ് വ്യക്തമാക്കി. 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയാണെന്ന പ്രചാരണം തെറ്റാണെന്നും തന്റെ നാമനിർദ്ദേശ പത്രികയിൽ ഈ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ചോദ്യം ചെയ്ത തന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇടപാടുകൾ നടത്തിയത് എന്ന് മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സുഹൃത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും റിയാസ് വെളിപ്പെടുത്തി.
സ്വന്തം മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൃത്തിൽ നിന്ന് ഇ.ഡി വ്യാജമൊഴി ഒപ്പിട്ടു വാങ്ങിയതെന്ന് റിയാസ് ആരോപിച്ചു. തനിക്കെതിരെയും വീണയ്ക്കെതിരെയും മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തി. ഈ അനീതിയിൽ മനംനൊന്ത് സുഹൃത്തിന്റെ കുടുംബം ഇ.ഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ എഴുതിയുണ്ടാക്കുന്ന കടലാസുകൾ യഥാർത്ഥ മൊഴിയാകില്ലെന്നും, കള്ളമൊഴികളെ മറികടന്ന് സത്യം ജയിക്കുമെന്നും റിയാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)