SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IDBI Bank: ഫെയർഫാക്സ് ഐഡിബിഐ വാങ്ങുന്നത് ഐഡിബിഐയുടെ പണം ഉപയോഗിച്ചു തന്നെയോ?

National

ഫെയർഫാക്സിൻറെ ഡിജിറ്റൈസ്ഡ് ഡിജിറ്റ് ഇൻഷുറൻസ് കമ്പനി എങ്ങനെയാണ് ഐഡിബിഐ ബാങ്കിന് കീഴിലേക്ക് മാറ്റുകയെന്നാണ് വിപണി വിദഗ്ധർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

Edited by Roniya Baby Updated by Roniya Baby
Published: Nov 02, 2026, 12:02 PM | Updated: Nov 02, 2026, 12:02 PM

ബാങ്ക് വാങ്ങാൻ എത്തുന്ന പുതിയ ഉടമ, തൻറെ സ്വന്തം ബിസിനസ് സംരംഭങ്ങൾ അതേ ബാങ്കിന് തന്നെ വിറ്റഴിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന തുക ബാങ്ക് ഏറ്റെടുക്കലിനായി ഉപയോഗിക്കുകയും ചെയ്യുന്നു! ഇത്തരം ഒരു അപൂർവ ധനകാര്യ തന്ത്രത്തിന് ആണ് ഇൻവെസ്റ്റ്മെൻറ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

കേന്ദ്ര മന്ത്രിസഭ ഒക്ടോബർ 14ന് ഐഡിബിഐ ബാങ്ക് വിൽപ്പനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെ ഒക്ടോബർ 15ന് ഇൻവെസ്റ്റർമാരുമായി നടത്തിയ കോൺഫറൻസ് കോളിലാണ് ഫെയർഫാക്സിൻറെ ഉന്നത ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ വ്യക്തമാക്കിയത്. ബിസിനസ് വേൾഡ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫെയർഫാക്സിൻറെ ഡിജിറ്റൈസ്ഡ് ഡിജിറ്റ് ഇൻഷുറൻസ് കമ്പനി എങ്ങനെയാണ് ഐഡിബിഐ ബാങ്കിന് കീഴിലേക്ക് മാറ്റുകയെന്നാണ് വിപണി വിദഗ്ധർ ഉന്നയിച്ചിരിക്കുന്ന പ്രധാന ചോദ്യം. ബാങ്കിൻറെ കൈവശമുള്ള അധിക തുക ഉപയോഗിച്ചാണോ ഈ ഓഹരികൾ വിപണി വിലയിൽ വാങ്ങുന്നത് എന്നാണ് വിപണി വിദഗ്ധർ ഉന്നയിക്കുന്ന ചോദ്യം.

ഫെയർഫാക്സ് സ്ഥാപകനും ചെയർമാനുമായ പ്രേം വത്സ നൽകിയ മറുപടി

‘’ഐഡിബിഐ ബാങ്കിൽ നിലവിൽ ആവശ്യത്തിൽ അധികം മൂലധനം (എക്സസ് ക്യാപിറ്റൽ) ഉണ്ട്. അതിനാൽ ഇടപാടുകൾക്ക് ആയി അവർ നേരിട്ട് പണം നൽകും. കരാർ ഉറപ്പിക്കുന്ന സമയം വിപണി വിലയിൽ തന്നെ ബാങ്ക് ഈ തുക പണമായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.''

പ്രേം വത്സ ഫെയർഫാക്സ് എങ്ങനെയാണ് ഐഡിബിഐ ബാങ്ക് വാങ്ങാൻ പണം സമാഹരിക്കുകയെന്ന് മുൻപ് വിശദീകരിച്ചിരുന്നു. കയ്യിലുള്ള തുക, മറ്റ് ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഡിവിഡൻറുകൾ, ആസ്തി വിൽപ്പന വഴി ലഭിക്കുന്ന തുക, വിപണി വിലയുടെ അടിസ്ഥാനത്തിൽ ഡിജിറ്റ്, ഐഐഎഫ്എൽ ക്യാപിറ്റൽ എന്നീ കമ്പനികളുടെ നിക്ഷേപം എന്നിവയിലൂടെയാണ് തുക കണ്ടെത്തുകയെന്ന് പ്രേം വത്സ പറഞ്ഞു.

ഫെയർഫാക്സ് പ്രസിഡൻറ് പീറ്റർ ക്ലാർക്ക് ഈ ഏറ്റെടുക്കലിന് 5.6 ബില്യൺ ഡോളർ ആവശ്യമാണെന്ന് വ്യക്തമാക്കി. ഡിജിറ്റ് ഇൻഷുറൻസ് (ലൈഫ് ഇൻഷുറൻസ് ഉൾപ്പെടെ), ഐഐഎഫ്എൽ ക്യാപിറ്റൽ എന്നീ കമ്പനികളുടെ വിഹിതം മാത്രം ഏകദേശം മൂന്ന് ബില്യൺ ഡോളർ വരുമെന്ന് പീറ്റർ ക്ലാർക്ക് വ്യക്തമാക്കി.

ക്ലാർക്ക് വ്യക്തമാക്കിയ ഈ മൂന്ന് ബില്യൺ ഡോളർ മൊത്തം തുകയായ 5.6 ബില്യൺ ഡോളറിൻറെ പകുതിയിൽ അധികമാണ്. ഇത്, ബാങ്ക് തന്നെയാണ് സ്വന്തം വിൽപ്പനയ്ക്ക് കാരണമാകുന്നത് അല്ലെങ്കിൽ സ്വയം വിൽക്കാൻ ഇടയാക്കുന്നത് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുവെന്ന് വിരൽ ചൂണ്ടുന്നത്.

ഇതോടെയാണ് ഫെയർഫാക്സ് സ്വന്തം തുക ഉപയോഗിച്ചാണോ ഐഡിബിഐ ബാങ്ക് വാങ്ങുന്നത്? അതോ ആവശ്യമായ തുകയുടെ ഭൂരിഭാഗവും ഐഡിബിഐ ബാങ്കിൽ നിന്ന് തന്നെയാണോ സമാഹരിക്കാനുള്ള നീക്കം നടത്തുന്നത് എന്നീ പ്രധാന ചോദ്യങ്ങളാണ് ഉയരുന്നത്.

ഐഡിബിഐ ബാങ്കിൻറെ കൈവശമുള്ള അധിക മൂലധനം ആരുടേതാണ്?

ഒരു പതിറ്റാണ്ട് മുൻപ് ഇന്ത്യയിലെ ഏറ്റവും പ്രതിസന്ധിയിലായ ബാങ്കുകളിൽ ഒന്നായിരുന്നു ഐഡിബിഐ. സർക്കാരും എൽഐസിയും ചേർന്നാണ് ഐഡിബിഐ ബാങ്കിനെ പുനരുജ്ജീവിപ്പിച്ചത്. 2019ൽ എൽഐസി ബാങ്കിൻറെ നിയന്ത്രണം ഏറ്റെടുത്തു. അതേ വർഷം 9,300 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായവും സർക്കാരും എൽഐസിയും ചേർന്ന് നൽകി.

ഇക്കാര്യം പ്രേം വത്സയും സമ്മതിച്ചിട്ടുണ്ട്. 2016-2020 കാലഘട്ടത്തിൽ ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നുവെന്നും എൽഐസിയും ഇന്ത്യൻ സർക്കാരും ചേർന്ന് ഏകദേശം 6.4 ബില്യൺ ഡോളറോളം ധനസഹായം നൽകിയാണ് ബാങ്കിനെ കരകയറ്റിയതെന്നും പ്രേം വത്സ വ്യക്തമാക്കിയിട്ടുണ്ട്. ഈ ശ്രമങ്ങൾ വിജയിച്ചതിൻറെ ഫലമായി 2026 സെപ്തംബർ 30ലെ കണക്കുപ്രകാരം ഐഡിബിഐയുടെ ക്യാപിറ്റൽ അഡീക്വസി റേഷ്യോ 27.10 ശതമാനം ആണ്. റിസർവ് ബാങ്ക് അനുശാസിക്കുന്ന കുറഞ്ഞ പരിധിയായ 11.5 ശതമാനത്തിൻറെ ഇരട്ടിയിൽ അധികമാണിത്.

പൊതുപണം ഉപയോഗിച്ച് കെട്ടിപ്പടുത്ത ഈ സാമ്പത്തിക ഭദ്രതതയാണ് ഫെയർഫാക്സിന് ഇപ്പോൾ ബാങ്ക് വാങ്ങാനുള്ള പ്രധാന ആകർഷണം. ബാങ്കിനുള്ള ഈ അധിക മൂലധനം ഉപയോഗിച്ച് ഫെയർഫാക്സിൻറെ കമ്പനികൾ ബാങ്ക് സ്വന്തമാക്കുമെന്നാണ് പ്രേം വത്സ പറയുന്നത്.

റിസർവ് ബാങ്കിന് മുന്നിലുള്ള പ്രധാന ചോദ്യം

ഒരു ബാങ്കിന് മറ്റ് കമ്പനികളിൽ നിക്ഷേപിക്കാവുന്ന തുകയ്ക്ക് റിസർവ് ബാങ്ക് വ്യക്തമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തിക സേവനങ്ങൾ നടത്തുന്ന വാണിജ്യ ബാങ്കുകൾക്കായുള്ള ആർബിഐയുടെ 2025ലെ മാർഗനിർദേശപ്രകാരം ഒരു ബാങ്കിൻറെ അടച്ചുപൂട്ടിയ ഓഹരി മൂലധനത്തിൻറെയും (പെയ്ഡ് അപ് ഷെയർ ക്യാപിറ്റൽ) റിസർവുകളുടെയും 10 ശതമാനത്തിൽ കൂടുതൽ തുക ഏതെങ്കിലും ഒരു സബ്സിഡിയറിയിലോ ധനകാര്യ സ്ഥാപനത്തിലോ നിക്ഷേപിക്കാൻ പാടില്ല.

ഇത്തരത്തിലുള്ള എല്ലാ കമ്പനികളിലുമായുള്ള മൊത്തം നിക്ഷേപം 20 ശതമാനത്തിൽ കൂടരുത്. ഈ പരിധികൾ ബാങ്കിൻറെ മൊത്തം അറ്റാദായത്തിന്മേലല്ല മറിച്ച് അടച്ചുപൂട്ടിയ മൂലധനത്തിന്മേലാണ് കണക്കാക്കുന്നത്. കൂടാതെ ബാങ്കിൻറെ നിലവിലുള്ള മറ്റ് നിക്ഷേപങ്ങളും ഇതിലുൾപ്പെടും. ഫെയർഫാക്സ് ഈ മൂന്ന് കമ്പനികളുടെയും മൂല്യം മൂന്ന് ബില്യൺ ഡോളർ ആയിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്രയും വലിയൊരു നിക്ഷേപത്തിന് എങ്ങനെ അനുമതി ലഭിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഇത്തരം വാങ്ങലുകൾക്ക് ആർബിഐയുടെ മുൻകൂർ അനുമതി നിർബന്ധം ആണ്. അതിനാൽ പ്രേം വത്സ വിശദീകരിച്ച ഈ ക്യാഷ് പർച്ചേസ് വലിയ രീതിയിൽ ഉള്ള റെഗുലേറ്ററി ചോദ്യങ്ങൾ ഉയർത്തുന്നു. ആർബിഐ, സെബി (SEBI) ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ (IRDAI) എന്നിവയുടെ അനുമതി ഇപാടിന് ആവശ്യമാണ്.

സർക്കാരിന് അവകാശങ്ങൾ ഒന്നും ഇല്ലേ?

വിൽപനയ്ക്ക് ശേഷം സർക്കാരിനും എൽഐസിക്കും കൂടി ഐഡിബിഐ ബാങ്കിൽ 34 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. എന്നാൽ, ബാങ്കിൻറെ പ്രവർത്തനങ്ങളിൽ പ്രത്യേക അവകാശങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 13ലെ ഡിഐപിഎഎം ആഭ്യന്തര കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാനേജ്മെൻറ് നിയന്ത്രണം പൂർണമായി കൈമാറുന്നതിനാലും വിൽപനയ്ക്ക് ശേഷം സർക്കാരിനോ എൽഐസിക്കോ യാതൊരുവിധ പ്രത്യേക അവകാശങ്ങളും കരാറിലൂടെ നൽകുന്നില്ല എന്നതിനാലുമാണ് ഇത്തരമൊരു ഷെയർ പർച്ചേസ് എഗ്രിമെൻറ് തിരഞ്ഞെടുത്തത്.

ഇതിന് പുറമേ, സർക്കാരും എൽഐസിയും തങ്ങളുടെ പ്രതിനിധികളെ ഐഡിബിഐ ബോർഡിൽ നിന്ന് പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെയർഫാക്സിൻറെ ബിഡ് നിർദേശിച്ച ഈ കുറിപ്പിൽ ഫെയർഫാക്സിൻറെ ഗോ ഡിജിറ്റ്, ഐഐഎഫ്എൽ ബാങ്കിലേക്ക് മാറ്റുന്ന പദ്ധതിയെക്കുറിച്ച് പരാമർശമൊന്നുമില്ല. ഇടപാടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച തൊട്ടടുത്ത ദിവസം ആണ് ഫെയർഫാക്സ് ഈ പദ്ധതി പരസ്യമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author