Cyclone Arnab: അതിതീവ്ര ചുഴലിക്കാറ്റായി 'അർണബ്' കരയിലേക്ക്; ആന്ധ്രയിലും ഒഡിഷയിലും റെഡ് അലർട്ട്
അർണബ് ചുഴലിക്കാറ്റ് തിരത്തോട് അടുക്കുന്നതോടെ കനത്ത ജാഗ്രത നിർദ്ദേശം.
വിശാഖപട്ടണം: 'അർണബ്' ചുഴലിക്കാറ്റ് അതിതീവ്ര രൂപം പ്രാപിച്ച് കരയോട് അടുക്കുന്നു. ഇതേത്തുടർന്ന് ആന്ധ്രാപ്രദേശിലും ഒഡിഷയിലും കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. വിശാഖപട്ടണത്തിലും ഒഡിഷയിലും ശക്തമായ മഴയും കാറ്റുമാണ്. ആന്ധ്രാ തീരത്ത് കടൽ അതിരൂക്ഷമായി പ്രക്ഷുബ്ധമായി. ഇതേത്തുടർന്ന് 14 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മുൻകരുതലിന്റെ ഭാഗമായി കാക്കിനടയിൽ നിന്ന് മാത്രം 89,000-ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നാളെ പുലർച്ചയോടെ 'അർണബ്' ചുഴലിക്കാറ്റ് പൂർണമായും കരതൊടുമെന്നാണ് റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 4 വിമാന സർവീസുകൾ റദ്ദാക്കി. 4 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 72 ട്രെയിൻ സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള തീരമേഖലയിലൂടെ 'അർണബ്' ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കരതൊടുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഉയർന്നേക്കും. ദുരന്തസാധ്യത മുൻനിർത്തി ആന്ധ്രയിലും ഒഡിഷയിലും വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയതിനൊപ്പം ഹോപ് ഐലൻഡ് പൂർണ്ണമായും ഒഴിപ്പിച്ചു.
1,400-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുകയും നാലായിരത്തിലധികം ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കടലിൽ പോയ എല്ലാ ബോട്ടുകളും തീരത്ത് തിരിച്ചെത്തിച്ചു. ആന്ധ്രയിലും ഒഡിഷയിലും മഴ ശക്തമായി തുടരുകയാണ്. നാളെ ഒഡിഷയിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കൂടാതെ ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന് അറിയിപ്പുണ്ട്.
ഗഞ്ചം, ഗജപതി, രായഗഡ, കൊരാപ്പുട്ട്, മൽക്കാൻഗിരി തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ റെഡ് അലർട്ടാണുള്ളത്. ഈ മേഖലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 20 സെന്റീമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യയുണ്ട്. കലഹാണ്ടി, കന്ധമാൽ, നബരംഗ്പൂർ, നുവാപാഡ, ബലാങ്ഗീർ, ബർഗഡ്, പുരി, ഖുർദ, നയാഗഡ്, സുന്ദർഗഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് കരയോട് അടുക്കുന്ന സാഹചര്യത്തിൽ വിശാഖപട്ടണം മുതൽ ബാപട്ല വരെയുള്ള തീരദേശ മേഖലകളും കാക്കിനട, ഗോദാവരി പ്രദേശങ്ങളും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.