Independence Day 2026: ഓഗസ്റ്റ് 15 കഴിഞ്ഞാൽ ദേശീയ പതാക എന്തുചെയ്യണം? 'ഫ്ലാഗ് കോഡ്' പറയുന്നതെന്ത്?
ഓഗസ്റ്റ് 15ന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ത്രിവര്‍ണ്ണ പതാകയെ എന്താണ് ചെയ്യേണ്ടത്? പതാകയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?
സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ത്രിവര്‍ണ്ണ പതാകയില്ലാതെ പൂര്‍ണമാകില്ല. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളുകളിലും, ഓഫീസുകളിലും, വീടുകളിലും ത്രിവര്‍ണ്ണ പതാകകള്‍ നിറയും. എന്നാല്‍ ഓഗസ്റ്റ് 15ന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ത്രിവര്‍ണ്ണ പതാകയെ എന്താണ് ചെയ്യേണ്ടത്?
പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ഇത്. ത്രിവര്‍ണ്ണ പതാക ഒരിക്കലും മടക്കിവെക്കുകയോ വീട്ടിലെ മാലിന്യങ്ങള്‍ക്കൊപ്പം വലിച്ചെറിയാനോ പാടില്ല. ഇന്ത്യയിലെ 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ' (Flag Code of India) ഇന്ത്യന്‍ പതാകയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ പതാക ഒരിക്കലും നിലത്തോ വെള്ളത്തിലോ മുട്ടാന്‍ പാടില്ല. പതാകയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെയും അഴുക്ക് പറ്റാതയും സംരക്ഷിക്കണം. ഇനി കേടുവന്നുപോയതോ മലിനമായതോ ആയ പതാകയാണ് നിങ്ങളുടെ പക്കലെങ്കില്‍ അനുയോജ്യമായ രീതിയില്‍ പതാകയ്ക്ക് ബഹുമാനം നല്‍കി പൂര്‍ണമായും സ്വകാര്യമായി കത്തിക്കുകയോ അല്ലെങ്കില്‍ മണ്ണില്‍ അടക്കം ചെയ്യുകയോ ചെയ്യണം. ഓഗസ്റ്റ് 15ന് ശേഷം നിങ്ങളുടെ പക്കല്‍ ത്രിവര്‍ണ്ണ പതാകയുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
ദേശീയ പതാക ശ്രദ്ധാപൂര്‍വ്വം താഴ്ത്തുക
ഫ്ലാഗ് കോഡ് പ്രകാരം ദേശീയ പതാക വേഗത്തില്‍ ഉയര്‍ത്തുകയും സാവധാനത്തില്‍ താഴ്ത്തുകയും ചെയ്യണം. നിലത്തോ വെള്ളത്തിലോ പതാക തൊടാന്‍ പാടില്ല. പതാക താഴ്ത്തിയ ശേഷം പെട്ടന്ന് തന്നെ ബാഗിലാക്കരുത്. ദേശീയ പതാക ഉണങ്ങിയതാണെന്നും വൃത്തിയുള്ളതാണെന്നും ഉറപ്പു വരുത്തണം. ഫ്ലാഗ് കോഡില്‍ പറയുന്നത് പ്രകാരം ത്രിവര്‍ണ്ണ പതാക വൃത്തിയായി സൂക്ഷിക്കണം. ഈര്‍പ്പമോ കീടങ്ങളോ ഏല്‍ക്കാത്ത രീതിയില്‍ വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. മഴക്കാലങ്ങളില്‍ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നനഞ്ഞ പതാകയില്‍ വേഗത്തില്‍ പൂപ്പലുണ്ടാകും.
ദേശീയ പതാക എങ്ങനെ മടക്കണം?
ദേശീയ പതാക മടക്കുന്ന കാര്യത്തില്‍ ഫ്ലാഗ് കോഡില്‍ പ്രത്യേക നിര്‍ദേശങ്ങളില്ല. പക്ഷെ, പതാകയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊതുവായി പിന്തുടരുന്ന ഒരു രീതിയുണ്ട്. പതാക നിവര്‍ത്തിയ ശേഷം അശോകചക്രവും ത്രിവര്‍ണ്ണങ്ങളും കാണുന്ന രീതിയില്‍ ഭംഗിയായി വേണം മടക്കി വെക്കാന്‍. വൃത്തിയുള്ള സ്ഥലത്ത് വേണം ദേശീയ പതാക സൂക്ഷിക്കാന്‍.
ദേശീയ പതാക എവിടെ സൂക്ഷിക്കണം?
ഈര്‍പ്പം, അഴുക്ക്, പതാക കീറാനോ കറപിടിക്കാനോ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ വേണം ദേശീയ പതാക സൂക്ഷിക്കാന്‍. ഇതിനായി പ്രത്യേക കവറുകളും പെട്ടികളും ലഭ്യമാണ്. ദേശീയ പതാക സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫ്ലാഗ് കോഡില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 15ന് ശേഷം പതാക എടുത്തുമാറ്റണമെന്ന് നിയമമില്ല. ഫ്ലാഗ് കോഡ് പ്രകാരം പൗരന്‍മാര്‍ക്ക് ഏത് ദിവസവും ദേശീയ പതാക ഉപയോഗിക്കാം. രാപ്പകലില്ലാതെ പതാക ഉയര്‍ത്താന്‍ കഴിയുമെങ്കിലും കൃത്യമായ വെളിച്ചം നല്‍കണം.
ദേശീയ പതാകയില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍?
ദേശീയ പതാകയില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ പതാക ഒരിക്കലും ചവറ്റുക്കുട്ടയില്‍ നിക്ഷേപിക്കരുത്. കേടുപാടുകളുണ്ടായ പതാക നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അനുയോജ്യമായ രീതിയില്‍ പതാകയ്ക്ക് ബഹുമാനം നല്‍കി പൂര്‍ണമായും സ്വകാര്യമായി കത്തിക്കുകയോ അല്ലെങ്കില്‍ മണ്ണില്‍ അടക്കം ചെയ്യുകയോ ചെയ്യണം. കേടുവന്ന പതാകകള്‍ റോഡരികില്‍ ഉപേക്ഷിക്കുകയോ പൊതുസ്ഥലങ്ങളിലെ ചവറ്റുകുട്ടകളില്‍ ഇടുകയോ കാലില്‍ തട്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയോ ചെയ്യാതെ, തികഞ്ഞ ആദരവോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്നാണ് ഔദ്യോഗിക നിയമം.
പേപ്പറിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച പതാകകള്‍ എന്തുചെയ്യണം?
ഇവിടെയാണ് യഥാര്‍ത്ഥ ദേശീയ പതാകയും പതാകയുടെ മാതൃകയിലുള്ള അലങ്കാര വസ്തുക്കളും തമ്മിലുള്ള വ്യത്യാസം. ദേശീയ പതാകയെയാണ് ഫ്ലാഗ് കോഡ് നിയന്ത്രിക്കുന്നത്. അതേസമയം ആഘോഷങ്ങള്‍ക്ക് ശേഷം ചെറിയ ത്രിവര്‍ണ്ണ പതാകകള്‍ അനാദരവുള്ള രീതിയില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങളും സര്‍ക്കാര്‍ ക്യാമ്പയിനുകളും ഓര്‍മിപ്പിക്കുന്നു. റോഡിലും, ഓടയിലും, നിലത്തും, ചവറുകള്‍ക്കൊപ്പവും ചെറിയ ത്രിവര്‍ണ്ണ പതാകകള്‍ വലിച്ചെറിയരുത്. ചെറിയ പതാക വാങ്ങുന്നതിന് മുന്‍പ് തന്നെ പതാക എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ദേശീയ പതാക അലങ്കാരമായി ഉപയോഗിക്കാമോ?
ഒരിക്കലും ദേശീയ പതാക തോരണങ്ങളായോ, റോസറ്റായോ, ബണ്ടിങ്ങായോ അല്ലെങ്കില്‍ മറ്റ് അലങ്കാരവസ്തുക്കളായോ ഉപയോഗിക്കരുത്. അതുപോലെ തന്നെ വസ്ത്രങ്ങളുടെയോ യൂണിഫോമിന്റെയോ ഭാഗമായോ, കുഷ്യനുകള്‍, തൂവാലകള്‍ തുടങ്ങിയ വസ്തുക്കളില്‍ അച്ചടിച്ചോ എംബ്രോയ്ഡറി ചെയ്തോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഫ്ലാഗ് കോഡില്‍ പറയുന്നു. സ്വാതന്ത്രദിനം കഴിഞ്ഞാല്‍ ഉടന്‍ വലിത്തെറിയാവുന്ന ഒരു അലങ്കാര വസ്തുവായി ദേശീയ പതാക കണക്കാക്കരുതെന്നാണ് ഇതിനര്‍ത്ഥം. വീടുകളില്‍ ഓഗസ്റ്റ് 15ന് ശേഷം ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെങ്കിലും ഒരിക്കലും പതാക ഒരു അലങ്കാര വസ്തുവായി കാണരുത്. എപ്പോഴും ദേശീയ പതാകയാണെന്ന ആദരവോടെ തന്നെ വേണം പരിപാലിക്കാന്‍.
ശിക്ഷ എന്താണ്?
ദേശീയ പതാകയെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ സെക്ഷന്‍ 2 (Prevention of Insults to National Honour Act, 1971) അനുസരിച്ച്, ഇന്ത്യന്‍ ദേശീയ പതാക പരസ്യമായി കത്തിക്കുകയോ, വികൃതമാക്കുകയോ, നശിപ്പിക്കുകയോ, ചവിട്ടുകയോ അല്ലെങ്കില്‍ മറ്റ് രീതിയില്‍ അവഹേളിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.