SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IDBI Bank: ഫെയർഫാക്‌സ് ഇടപാടിൽ വിവാദം! ഐഡിബിഐ ബാങ്കിന്റെ 2 ആസ്തികളുടെ മൂല്യത്തിൽ 2,122 കോടിയുടെ കുറവ്

National

ഫെയർഫാക്സ് ഇടപാടിന് മുൻപായി ഐഡിബിഐ ബാങ്കിൻറെ രണ്ട് ആസ്തികളുടെ മൂല്യത്തിലാണ് കുറവ് വന്നിരിക്കുന്നത്.

Edited by Karthika V Updated by Karthika V
Published: Nov 16, 2026, 11:44 AM | Updated: Nov 16, 2026, 11:44 AM

ഐഡിബിഐ ബാങ്ക് തങ്ങളുടെ രണ്ട് വസ്തുവകകളുടെ മൂല്യം 2,122 കോടി രൂപ കുറച്ചതായി ബിസിനസ് വേൾഡ് റിപ്പോർട്ട്. സർക്കാർ വിൽപ്പന നടപടികൾക്കിടെയാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. 2025-26 അക്കൗണ്ട് നോട്ടുകളിൽ ഒറ്റവരിയിൽ മാത്രമായാണ് ഈ കാര്യം പരാമർശിച്ചുള്ളത്. എന്നാൽ വസ്തുവകകളുടെ പേരോ എന്ത് കൊണ്ട് മൂല്യം കുറയ്ക്കുന്നുവെന്നോ എന്നുള്ള കാര്യം വ്യക്തമാക്കിയിട്ടില്ല. ബാങ്കിന്റെ ആസ്തി മൂല്യനിർണ്ണയത്തിലും സുതാര്യതയിലും വലിയ ചോദ്യമാണ് ഉയരുന്നത്. എന്നാൽ നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. രണ്ട് സ്വതന്ത്ര മൂല്യനിർണ്ണയ ഏജൻസികൾ വിലയെ പിന്തുണച്ചിട്ടുണ്ടെന്നും സർക്കാർ പറയുന്നു. ഓഹരി ഒന്നിന് 81 രൂപ എന്ന നിരക്കിൽ ബാങ്ക് കാനഡയിലെ ഫെയർഫാക്‌സിന് വിൽക്കാൻ ഒക്ടോബറിൽ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു.

വാർഷിക റിപ്പോർട്ടിൽ പറയുന്നത്...

ബാങ്കിന്റെ രണ്ട് സ്ഥാവര സ്വത്തുക്കൾ വിൽക്കുന്നതിന് ചില നിയമപ്രശ്നങ്ങൾ തടസ്സമായിട്ടുണ്ടെന്ന് ഐഡിബിഐ ബാങ്കിന്റെ അക്കൗണ്ട് നോട്ടിൽ പറയുന്നു. ഇപ്പോഴും ഇവ ബാങ്കിന്റെ ഉടമസ്ഥതയിൽ തന്നെയാണുള്ളത്. സ്വതന്ത്ര മൂല്യനിർണ്ണയ ഏജൻസികൾ വഴി ഐഡിബിഐ ബാങ്ക് ഈ രണ്ട് സ്ഥാവര സ്വത്തുക്കളുടെ മൂല്യനിർണ്ണയം വീണ്ടും നടത്തിയിരുന്നു. നിലവിൽ ഈ വസ്തുവകകൾ ബാങ്ക് സ്വന്തമായി തന്നെ ഉപയോ​ഗിക്കുന്നുണ്ടെങ്കിലും അവ സ്വതന്ത്രമായി വിൽക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് മൂല്യത്തിൽ 2,122 കോടി രൂപ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തൽ. ബാങ്കിന് നേരിട്ട് ഇതിലൂടെ പണനഷ്ടമുണ്ടായിട്ടില്ല. അതേസമയം മൂല്യത്തിൽ കുറവ് വന്ന വസ്തുവകകൾ ഏതൊക്കെയാണെന്നോ, അതിന് പിന്നലുള്ള നിയമ പ്രശ്നങ്ങളോ, ഇവയുടെ നേരത്തെയുള്ള മൂല്യം എത്ര ആയിരുന്നുവെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

മൂല്യനിർണ്ണയത്തിൽ വന്ന മാറ്റങ്ങൾ

2025 മാർച്ചിൽ സ്വതന്ത്ര മൂല്യനിർണ്ണയത്തിലൂടെ 2,855 കോടി രൂപയുടെ വർദ്ധനവ് വരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ മൂല്യത്തകർച്ച വന്നിരിക്കുന്നത്. അന്ന് ബാങ്കിന്റെ ഭൂമി-കെട്ടിട ആസ്തികളുടെ മൂല്യം 11,383 കോടി രൂപയായിരുന്നു. എന്നാൽ 2026 മാർച്ചിൽ ഇത് 8,881 കോടി രൂപയായി കുറഞ്ഞു. ഒക്ടോബർ - മാർച്ച് കാലയളവിലാണ് മൂല്യത്തകർച്ച വന്നിരിക്കുന്നത്. ഈ സമയത്ത് തന്നെയാണ് ബാങ്ക് വിൽപ്പനയ്ക്കുള്ള അന്തിമ ബിഡുകൾ സർക്കാർ ക്ഷണിക്കുകയും പരിശോധിക്കുകയും ചെയ്തത്. മുൻപ് മൂല്യം കൂട്ടി കാണിച്ച ആസ്തികളിൽ ഇപ്പോൾ മൂല്യം കുറച്ച സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

മൂല്യനിർണ്ണയം ഉപയോഗിച്ചത് എങ്ങനെ?

81 രൂപ എന്ന ഓഹരി വില ന്യായമാണോ എന്ന് പരിശോധിക്കാൻ രണ്ട് മൂല്യനിർണ്ണയ റിപ്പോർട്ടുകളെയാണ് സർക്കാർ ആശ്രയിച്ചത്. ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ആസ്തികളും ഇതിലൊന്നിൽ ഉൾപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കിയത് ബി.ഡി.ഒ വാല്യുവേഷൻ അഡൈ്വസറിയാണ്. വിൽപ്പനയ്ക്ക് നേതൃത്വം നൽകിയത് ദീപം (DIPAM) എന്ന വകുപ്പാണ്. ഇവർ പുറത്തിറക്കിയ ഓഗസ്റ്റ് 13-ലെ ഒരു ആഭ്യന്തര കുറിപ്പും ഈ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്. 2,122 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയ 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് ​ദീപം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ബാങ്ക് നൽകിയ ആസ്തി മൂല്യം തിരുത്തി കൃത്യമായ കണക്കുകൾ നൽകുന്നതിന് സെക്രട്ടറിമാരുടെ സമിതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശം നൽകിയത് മൂല്യം കൂട്ടാനാണോ കുറയ്ക്കാനാണോ എന്നത് കുറിപ്പിൽ വ്യക്തമല്ലെന്നും ബി.ഡി.ഒ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

ദീപം (DIPAM) സെക്രട്ടറിയുടെ വിശദീകരണം

പ്രധാനപ്പെട്ട രണ്ട് വസ്തുവകകൾ ഐഡിബിഐ ബാങ്കിനുണ്ടെന്ന് ദീപം സെക്രട്ടറി അരുണിഷ് ചൗള 'ബിസിനസ് സ്റ്റാൻഡേർഡിനോട്' പറഞ്ഞു. ഒന്നാമത്തേത് ആർക്കും കൈമാറുകയോ വിൽക്കുകയോ ചെയ്യാൻ സാധിക്കാത്ത ഹൈദരാബാദിലെ പരിശീലന കേന്ദ്രമാണ്. രണ്ടാമത്തേത് പാട്ടത്തിനെടുത്ത മുംബൈയിലെ ആസ്ഥാന മന്ദിരവും. ഇതിന്റെ പാട്ടക്കാലാവധിക്ക് അനുസരിച്ചുള്ള വിപണി മൂല്യം കണക്കാക്കിയിട്ടുണ്ടെന്ന് അരുണിഷ് ചൗള പറഞ്ഞു. മൂല്യനിർണ്ണയം നടത്തിയത് രേഖകൾ കൃത്യമായി പരിശോധിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യനിർണ്ണയ രീതി പങ്കുവെക്കാം. റിപ്പോർട്ടുകളിലാണ് കൃത്യമായ തുകയുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ രണ്ട് വസ്തുവകകൾ തന്നെയാണോ ബാങ്ക് അക്കൗണ്ടുകളിൽ പരാമർശിച്ചിട്ടുള്ളതെന്ന് സ്ഥിരീകരിക്കാൻ ബിസിനസ് വേൾഡിന് കഴിഞ്ഞിട്ടില്ല

.

ഗച്ചിബൗളിയിലെ 50 ഏക്കർ ഭൂമി

മൂല്യത്തകർച്ചയുണ്ടായ വസ്തുവകകളിൽ ഒന്ന് ഗച്ചിബൗളിയിലെ ഐടി ഇടനാഴിയിലുള്ള 50 ഏക്കർ വിസ്തൃതിയുള്ള ഹൈദരാബാദ് ക്യാമ്പസാണെങ്കിൽ അതിന്റെ ചരിത്രം പ്രധാനമാണ്. 1987-ൽ സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനായാണ് ഈ ഭൂമി അനുവദിച്ചത്. അന്നത്തെ വിപണി വിലയായ ഏക്കറിന് 25,000 രൂപ നിരക്കിലാണ് സർക്കാർ സർക്കാർ ഭൂമി നൽകിയത്. പൊതു ആവശ്യത്തിനായി ഭൂമി തിരിച്ചെടുക്കാമെന്ന വ്യവസ്ഥ പ്രകാരം 10 ഏക്കർ 2007-ൽ സർക്കാർ തിരിച്ചെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ജസ്റ്റിസ് എൻ.വി. രമണ ഈ നടപടി റദ്ദാക്കുകയായിരുന്നു. തുടർന്ന് 2022-ൽ സർക്കാർ നൽകിയ അപ്പീലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയാണുണ്ടായത്. വിപണി വില നൽകിയാണ് ഭൂമി ബാങ്ക് വാങ്ങിയതെന്നും സൗജന്യമായല്ല സർക്കാർ ഇത് ബാങ്കിന് നൽകിയതെന്നും കോടതി നിരീക്ഷിച്ചു.

2026 ഓഗസ്റ്റ് 28-ന് ഗച്ചിബൗളിക്ക് സമീപമുള്ള റായ്ദുർഗിൽ 5.38 ഏക്കർ ഭൂമി ഏക്കറിന് റെക്കോർഡ് വിലയായ 269 കോടി രൂപയ്ക്ക് തെലങ്കാന സർക്കാർ ലേലം ചെയ്തിരുന്നു. ഈ നിരക്ക് പ്രകാരമാണെങ്കിൽ ഹൈദരാബാദ് ക്യാമ്പസിന് ഏകദേശം 13,450 കോടി രൂപ മൂല്യം വരുമെന്ന് മുൻ കേന്ദ്ര സെക്രട്ടറി ഇ.എ.എസ്. ശർമ്മയും ഓഫീസർമാരുടെ സംഘടനയായ എ.ഐ.ബി.ഒ.എയും കണക്കാക്കുന്നു. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനായി നൽകിയ ഭൂമിയായത് കൊണ്ട് തന്നെ ഐഡിബിഐ ക്യാമ്പസിന് ഇന്ന് ഇത്രയും വില ലഭിക്കില്ല. എങ്കിലും നിബന്ധനകളുള്ള ഭൂമിയും അല്ലാത്തതും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇത് കാണിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഐഡിബിഐയുടെ ആകെ ഭൂമി-കെട്ടിട ആസ്തികളുടെ മൂല്യം 8,881 കോടി രൂപ മാത്രമാണ്.

കേന്ദ്ര സർക്കാർ നിലപാട്

2,122 കോടി രൂപയുടെ കുറവ് എന്ന് പറയുമ്പോൾ ഒരു ഓഹരിക്ക് ഏകദേശം 2 രൂപ മാത്രമേ വരുന്നുള്ളൂ. അതിനാൽ, സർക്കാരിന്റെ അടിസ്ഥാന വില 94.42 രൂപയിൽ നിന്ന് 75.99 രൂപയായി കുറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇതിലൂടെ വ്യക്തമാകുന്നില്ല. ഓഹരി ഒന്നിന് 81 രൂപ നിരക്ക് വച്ചാകുമ്പോൾ ഫെയർഫാക്‌സ് ബാങ്കിന് നിശ്ചയിച്ചിരിക്കുന്നത് 87,100 കോടി രൂപ മൂല്യമാണ്. ഇത് ബാങ്കിന്റെ ആകെ മൂലധനവും കരുതൽ ശേഖരവുമായ 71,550 കോടി രൂപയേക്കാൾ വളരെ കൂടുതലാണ്. ഓരോ വസ്തുവിന്റെയും രേഖകൾ നേരിട്ട് പരിശോധിച്ചിട്ടാണ് മൂല്യനിർണ്ണയം നടത്തിയത്. ഇത് ന്യായമാണെന്നും ദീപം സെക്രട്ടറി അരുണിഷ് ചൗള വ്യക്തമാക്കി. എന്നാൽ പുറത്തുള്ള ആർക്കും ഇത് പരിശോധിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author