Tanishq Jewellery Robbery: മധുര തനിഷ്ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ
തനിഷ്ക് ജ്വല്ലറിയിലെ സ്വർണക്കവർച്ച കേസിൽ മുഖ്യപ്രതി പോലീസ് പിടിയിൽ. ധർമപുരിക്കടുത്ത് ഒരു ബസിൽ നിന്നാണ് നിഷാന്തിനെ പിടികൂടിയത്.
ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്തുള്ള ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടിയാണ് കവർച്ച നടത്തിയതെന്നാണ് വിവരം. മീനാക്ഷിയെയും നിഷാന്തിന്റെ പിതാവിനെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ധർമ്മപുരിക്കടുത്ത് വച്ചാണ് ബസിൽ നിന്നും നിഷാന്തിനെ പിടികൂടിയത്. പോലീസ് ബസ് വളഞ്ഞതോടെ പ്രതി വിൻഡോ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ഇയാള പിടികൂടുകയായിരുന്നു. നിഷാന്തിന്റെ അമ്മയെ അടക്കം കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേരളത്തിലും കർണാടകത്തിലും ഉൾപ്പെടെ പ്രതിക്കായി പരിശോധന വ്യാപിപ്പിച്ചിരുന്നു. അറസ്റ്റിലായ മീനാക്ഷിയെ ഇയാൾ ബന്ധപ്പെട്ടിരുന്നത് തിരുപ്പൂരിൽ നിന്നായിരുന്നു.
അതിനാൽ തൊട്ടടുത്തുള്ള ഏതെങ്കിലും ജില്ലകളിൽ പ്രതി ഉണ്ടായേക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ തമിഴ്നാട്ടിൽ പോലീസ് നടത്തിയ ശക്തമായ തെരച്ചിലിനൊടുവിലാണ് നിഷാന്ത് പിടിയിലായത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കവർച്ച ചെയ്ത സ്വർണ്ണത്തിൽ എത്ര കിലോ ഇയാളുടെ പക്കൽ ഇപ്പോഴുമുണ്ടെന്ന കാര്യമാണ് പോലീസ് പ്രധാനമായും കണ്ടെത്തേണ്ടത്. കവർച്ചയുടെ സൂത്രധാരൻ നിഷാന്താണെന്നാണ് പെൺസുഹൃത്ത് മീനാക്ഷി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ കേസിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള മറ്റ് നിർണായക വിവരങ്ങളും പോലീസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.