iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Manipur Violence: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്: രണ്ട് നാഗാ പൗരന്മാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ സേനാപതി ജില്ലയിലുള്ള കലൻജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റു. ചൗവൈനാമേയി ഗ്രാമത്തിലെ റോക്കി മാവോ, ലായി ഷിറാഫി സ്വദേശി കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കലൻജാങ് ഗ്രാമത്തലവന്റെ വീട്ടിലുണ്ടായിരുന്ന നാഗാ പൗരന്മാർക്ക് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ അക്രമം നടക്കുമ്പോൾ കുക്കി ഗ്രാമത്തലവന്റെ വസതിയിൽ നാഗാ യുവാക്കൾ എങ്ങനെ എത്തിപ്പെട്ടു എന്നതിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണെന്നാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവം ഭീരുത്വപരമായ ആക്രമണമാണെന്ന് വിശേഷിപ്പിച്ച മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് അക്രമത്തെ അപലപിച്ചു.

അടുത്തിടെ കാംജോങ് ജില്ലയിലെ പിലോങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ-മ്യാന്മർ അതിർത്തിക്ക് സമീപമുണ്ടായ അക്രമത്തിൽ താങ്ഖുൽ നാഗാ വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ രണ്ട് വെവ്വേറെ അക്രമങ്ങളിലായി ആറ് നാഗാ പൗരന്മാരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. തുടർച്ചയായ ആക്രമണങ്ങൾ സംസ്ഥാനത്തെ നാഗാ വിഭാഗക്കാരുടെ സുരക്ഷയെക്കുറിച്ച് നാഗാ സിവിൽ സൊസൈറ്റി സംഘടനകൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

സമാധാന നീക്കങ്ങൾ തള്ളി മണിപ്പൂരിൽ അക്രമം തുടരുകയാണ്. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് നേരിട്ടിറങ്ങി കുക്കി-സോ, നാഗാ നേതാക്കളുമായി ചർച്ചകൾ നടത്തുകയും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സംഘർഷത്തിന് ശമനമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.