ക്വോറം തികഞ്ഞില്ല, ഒപ്പം ഇ-വോട്ടിങ് വിവാദവും; Ansal API പ്രൊമോട്ടർമാരുടെ ഇജിഎം പരാജയപ്പെട്ടു
അൻസാൽ എപിഐ പ്രൊമോട്ടർമാരുടെ പൊതുയോഗം നടപടികൾ പൂർത്തിയാക്കാനാകാതെ പിരിഞ്ഞു.
ആവശ്യമായ ക്വോറം തികയ്ക്കാൻ സാധിക്കാതെ വന്നതോടെ അൻസാൽ എപിഐ പ്രൊമോട്ടർമാർ വിളിച്ചുചേർത്ത അസാധാരണ പൊതുയോഗം നടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. ഡൽഹി എയ്‌റോസിറ്റിയിൽ തിങ്കളാഴ്ചയായിരുന്നു യോഗം വിളിച്ചുചേർത്തത്. പ്രണവ് അൻസാൽ, സുശീൽ അൻസാൽ എന്നിവരടങ്ങുന്ന പ്രൊമോട്ടർ ഗ്രൂപ്പായിരുന്നു യോഗം വിളിച്ചത്. കമ്പനി നിയമത്തിലെ സെക്ഷൻ 103 പ്രകാരം യോഗം ചേരുന്നതിന് 30 അംഗങ്ങൾ നേരിട്ട് ഹാജരാകണം. എന്നാൽ ഈ ക്വാറം തികയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് യോഗം പിരിഞ്ഞത്. റൂൾ 20 പ്രകാരമുള്ള ഇ-വോട്ടിങ് മാനദണ്ഡങ്ങൾ പാലിക്കാത്തതും യോഗം പരാജയപ്പെടാൻ കാരണമായി.
എന്തുകൊണ്ട് ക്വോറം അനിവാര്യം?
35,000-ത്തിലധികം ഓഹരിയുടമകളുള്ള അൻസാൽ എപിഐയുടെ പൊതുയോഗം സാധുവാകണമെങ്കിൽ 2013-ലെ കമ്പനി നിയമത്തിലെ സെക്ഷൻ 103 പ്രകാരം, കുറഞ്ഞത് 30 അംഗങ്ങളെങ്കിലും നേരിട്ട് ഹാജരാകണം. ആവശ്യമായ ക്വോറം ഇല്ല എന്നുണ്ടെങ്കിൽ യോഗം അസാധുവാകും. ഹാജർനില കൃത്യമായി ഇല്ലെങ്കിൽ യോഗം യാതൊരു പ്രമേയങ്ങളോ തീരുമാനങ്ങളോ പാസാക്കാനാകാതെ അവസാനിക്കും.
കമ്പനിയിലെ ആകെ അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പൊതുയോഗത്തിൽ നേരിട്ട് ഹാജരാകേണ്ട ആലുകളുടെ കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടുള്ളത്. 1,000 വരെ അംഗങ്ങളുള്ള സ്ഥാപനങ്ങളിൽ യോഗത്തിന് കുറഞ്ഞത് അഞ്ച് പേർ വേണം. 1,000 മുതൽ 5,000 വരെ അംഗങ്ങളുള്ളവയിൽ ആണെങ്കിൽ 15 പേർ നേരിട്ട് ഹാജരാകണം. 5,000-ത്തിലധികം അംഗങ്ങളുള്ള കമ്പനികളിൽ കുറഞ്ഞത് 30 അംഗങ്ങൾ നേരിട്ടെത്തണമെന്നത് നിർബന്ധമാണ്. അംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്വോറം പരിധിയും മുകളിലേക്ക് വരും.
ഇ-വോട്ടിങ്
അതിനിടെ റിമോട്ട് ഇ-വോട്ടിങ് സൗകര്യം ഏർപ്പെടുത്താത്തത് സംബന്ധിച്ച് പൊതു ഓഹരിയുടമകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. വിവിധ സ്ഥലങ്ങളിലുള്ള റീട്ടെയിൽ ഓഹരിയുടമകളുടെ വോട്ടവകാശമാണ് ഇതിലൂടെ ഇല്ലാതായതെന്നാണ് വാദം. ലിസ്റ്റഡ് കമ്പനികൾക്കും 1,000-ത്തിലധികം ഓഹരിയുടമകളുള്ള സ്ഥാപനങ്ങൾക്കും റിമോട്ട് ഇ-വോട്ടിങ് നിർബന്ധമാണ്. 2014-ലെ ചട്ടത്തിലെ റൂൾ 20-ൽ ഇക്കാര്യം വ്യക്തമാക്കുന്നു. കമ്പനി നിയമത്തിലെ സെക്ഷൻ 108, സെബി ചട്ടങ്ങൾ എന്നിവ കൂടി ഇതിന് ബാധകമാണ്. നിർബന്ധിത ഇ-വോട്ടിങ് ഇല്ലാത്തതിനെയും ക്വോറം തികയാതെ വന്നതിനെയും പൊതു ഓഹരിയുടമകൾ ചോദ്യം ചെയ്തതോടെ യോഗനടപടികൾ പൂർണ്ണമായും തടസ്സപ്പെട്ടു.
യോഗം ചേരുന്നതിനുള്ള അടിസ്ഥാന നിബന്ധനകൾ
- ഓഹരിയുടമകൾക്ക് യോഗത്തിന്റെ തീയതി, സമയം, വേദി, ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവ വ്യക്തമാക്കി നോട്ടീസ് നൽകണം.
- യോഗത്തിന് ആവശ്യമായ ക്വോറം ഉണ്ടായിരിക്കണം.
- യോഗനടപടികൾ നിയന്ത്രിക്കുന്നതിന് ഒരു ചെയർപേഴ്സൺ വേണം.
- ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ റിമോട്ട് ഇ-വോട്ടിങ് ഉൾപ്പെടെയുള്ള വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.