MDR SC: UPI ഇടപാടുകളിലെ MDR നിരക്കുകൾ, സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി
യുപിഐ ഇടപാടുകളിൽ എംഡിആർ ചുമത്തുന്നതിനെതിരെയുള്ള ഹർജിയിൽ സ്റ്റേ നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും കേന്ദ്രത്തിനും ആർബിഐയ്ക്കും നോട്ടീസ് അയച്ചു.
മേർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) സംവിധാനത്തിനെതിരെ നിർണായക നിലപാട് സ്വീകരിച്ച് സുപ്രീംകോടതി. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആര്‍ ചുമത്തുന്നത് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. അതേസമയം പുതിയ സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാർ, റിസർവ് ബാങ്ക് (RBI), നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയോട് സുപ്രീംകോടതി മറുപടി തേടിയിട്ടുണ്ട്. സർക്കാർ നേരിട്ട് പണം പിരിക്കുന്നില്ലെങ്കിൽ ചാർജ് ഈടാക്കുന്നതിന് പിന്നിലുള്ള നിയമപരമായ അടിത്തറ എന്താണെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
ആറ് വർഷത്തിലേറെയായി വ്യാപാര ഇടപാടുകൾക്ക് മേർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കിയിരുന്നില്ല. യുപിഐ ഇടപാടുകളുടെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം സൗജന്യ ഇടപാടുകൾ നടത്തി വന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ മേർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) വ്യാപാരികൾ ഒക്ടോബർ 15 മുതൽ നൽകേണ്ടി വരും. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അഭിഭാഷകൻ അഞ്ജൻ ദത്ത പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
നിലവിൽ സ്റ്റേ അനുവദിച്ചിട്ടില്ലെങ്കിലും സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വിശദീകരണം ലഭിച്ച ശേഷം വിഷയത്തിൽ കൂടുതൽ വാദപ്രതിവാദങ്ങളും നിയമപോരാട്ടങ്ങളും നടക്കും. നാലാഴ്ചത്തെ സമയമാണ് മറുപടി ലഭിക്കാനായി സുപ്രീംകോടതി നൽകിയിരിക്കുന്നത്.
മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനം നേടുന്ന ചെറുകിട വ്യാപാരികൾക്ക് പുതിയ എംഡിആര്‍ ബാധകമല്ല. അവർക്ക് തുടർന്നും സീറോ-എംഡിആർ ഇടപാടുകൾ നടത്താം. ഗ്രാമീണ, അർദ്ധനഗര പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളുടെ ക്യുആർ (QR) പേയ്‌മെന്റുകളെയും ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിരിച്ചെടുക്കുന്ന ആകെ ഫീസിന്റെ 5 ശതമാനം തുക ചെറുകിട വ്യാപാരികൾക്കായി മാറ്റിവെക്കും. ഗ്രാമങ്ങളിലും ചെറിയ നഗരങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്. ഇന്ധനം, റെയിൽവേ, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ശതമാനക്കണക്കിന് പകരം 5 രൂപയുടെ സ്ഥിര ഫീസ് ഈടാക്കും. മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റീസ് ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾക്ക് 0.02 ശതമാനം നിരക്കിൽ എംഡിആർ ബാധകമായിരിക്കും. ഇതിന് പരമാവധി 300 രൂപ വരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
വളരെ ചെറിയ ലാഭത്തിൽ കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികൾക്ക് മേർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് വലിയ സാമ്പത്തിക ഭാരമാകുമെന്നാണ് വ്യാപാര സംഘടനകൾ പറയുന്നത്. സുതാര്യമായ ഡിജിറ്റൽ ഇടപാടുകളിൽ ഫീസ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കൂട്ടായ്മകളുടെ നിലപാട്. ഒക്ടോബർ 2-ന് പ്രതിഷേധ സൂചകമായി വ്യാപാരികൾ കടകളിലെ യുപിഐ ക്യുആർ കോഡുകളും സ്കാനറുകളും കറുത്ത തുണികൊണ്ട് മൂടിക്കെട്ടി പ്രതിഷേധം അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.