Zee Entertainment: മികച്ച നേട്ടവുമായി സീ എന്റർടെയ്ൻമെന്റ്; വരുമാനം 13 ശതമാനം വർധിച്ചു
ഡിജിറ്റൽ മേഖലയിലെ വിപുലീകരണവും സബ്സ്ക്രിപ്ഷൻ വരുമാനത്തിലുണ്ടായ വർധനവും 2026ലെ ഫിഫ ലോകകപ്പ് പ്രക്ഷേപണത്തിലെ വൻ വിജയവുമാണ് കമ്പനിക്ക് നേട്ടമായത്.
സീ എൻറർടെയ്ൻമെൻറ് എൻറർപ്രൈസസ് ലിമിറ്റഡിന് 2026 സെപ്തംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ വലിയ നേട്ടം. സബ്സ്ക്രിപ്ഷൻ വരുമാനത്തിൽ ഉണ്ടായ മുന്നേറ്റവും ഡിജിറ്റൽ മേഖലയിലെ വിപുലീകരണവും 2026 ഫിഫ ലോകകപ്പ് പ്രക്ഷേപണത്തിലെ വൻ വിജയവുമാണ് കമ്പനിക്ക് നേട്ടമായത്. ഇക്കാലയളവിൽ ഏകീകൃത വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 1,970 കോടി രൂപയിൽ നിന്ന് 12.9 ശതമാനം ഉയർന്ന് 2,224 കോടി രൂപയായി വർധിച്ചു.
സബ്സ്ക്രിപ്ഷൻ വരുമാനം 1,023 കോടി രൂപയിൽ നിന്ന് 1,332.4 കോടി രൂപയായാണ് വർധിച്ചത്. എന്നാൽ, അറ്റാദായത്തിൽ 37.7 ശതമാനത്തിൻറെ കുറവുണ്ടായി. മുൻവർഷത്തെ 77 കോടി രൂപയിൽ നിന്ന് ലാഭം 48 കോടി രൂപയായാണ് കുറഞ്ഞത്. ഇതോടൊപ്പം എബിറ്റ 46.6 ശതമാനം ഇടിഞ്ഞ് 85.5 കോടി രൂപയായി. എബിറ്റാ മാർജിൻ 8.1 ശതമാനത്തിൽ നിന്ന് 3.8 ശതമാനത്തിലേക്ക് താഴ്ന്നു.
ഡിജിറ്റൽ സേവന രംഗത്ത് സീ5 മികച്ച വളർച്ചയാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ പാദത്തിൽ സീ5 നേടിയ 626 കോടി രൂപയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 101 ശതമാനം അധികമാണ്. ഒമ്പത് ഒറിജിനൽ കണ്ടൻറുകൾ ഉൾപ്പെടെ 34 പുതിയ ഷോകളും സിനിമകളും ഈ കാലയളവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു.
കായിക പ്രക്ഷേപണ രംഗത്ത് 2026 മുതൽ 2034 വരെയുള്ള എട്ട് വർഷത്തേക്ക് ഫിഫയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത് സീ നെറ്റ്വർക്കിന് വലിയ നേട്ടമായി. ഫിഫ ലോകകപ്പ് മത്സരങ്ങൾ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ആകെ 5000 കോടി മിനിറ്റിൽ അധികം സയമം പ്രേക്ഷകർ കണ്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 83 ശതമാനവും തത്സമയ മത്സരങ്ങളുടെ പ്രക്ഷേപണത്തിൽ നിന്നാണ് ലഭിച്ചത്. ഇന്ത്യയിലെ 73 ശതമാനം പ്രേക്ഷകരും ലോകകപ്പ് സംപ്രേഷണം ചെയ്ത സീയുടെ പങ്കാളിത്തത്തെ പ്രശംസിച്ചു.
ടെലിവിഷൻ പ്രേക്ഷകരുടെ കാര്യത്തിലും സീ നെറ്റ് വർക്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബാർക് നൽകുന്ന വിവരങ്ങൾ പ്രകാരം 2026ലെ 24-ാം ആഴ്ചയിൽ ഇന്ത്യയിൽ ഒട്ടാകെ ടെലിവിഷൻ നെറ്റ് വർക്ക് വിഹിതത്തിൽ 20 ശതമാനം നേടി കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഈ പാദത്തിൽ സാ രേ ഗ മ പ, ദിലോം കീ രാം ലീല തുടങ്ങിയ നിരവധി ജനപ്രിയ പരിപാടികളും സംപ്രേഷണം ആരംഭിച്ചു. കൂടാതെ, സീ മ്യൂസിക് കമ്പനിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം 17.9 കോടിയായും വീഡിയോ വ്യൂസ് 5,900 കോടിയായും വർധിച്ചു. പുതിയ ബഹുഭാഷാ പാട്ടുകളും ആൽബങ്ങളും ഉൾപ്പെടെ നിരവധി മ്യൂസിക് റൈറ്റ്സും ഈ കാലയളവിൽ കമ്പനി സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.