Navratri 2026: നവരാത്രി 2026: നവരാത്രി ഒന്നാം ദിനമായ ഇന്ന് ശൈലപുത്രിയെ ആരാധിക്കുന്നു
Shardiya Navratri 2026: നവരാത്രി ഒന്നാം ദിനമായ ഇന്ന് ആരാധിക്കേണ്ട രീതിയും ചൊല്ലേണ്ട മന്ത്രങ്ങളും അറിയാം...
Navratri 2026: നവരാത്രി ഒന്നാം ദിനമായ ഇന്ന് ദുർഗ്ഗാദേവിയുടെ ആദ്യ ഭാവമായ ശൈലപുത്രിയെ ആരാധിക്കുന്നു. നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. ദേവിക്ക് ശൈലപുത്രി എന്ന പേര് ലഭിച്ചത് പർവ്വതരാജനായ ഹിമവാന്റെ മകളായി ജനിച്ചതുകൊണ്ടാണ്.
ശൈലപുത്രി ദേവിയെ പാർവ്വതി, സതി, ഹേമാവതി, ഭവാനി എന്നീ പേരിലും അറിയപ്പെടുന്നുണ്ട്. പുരാണ പ്രകാരം ശൈലപുത്രിയെയും ദേവീ ഭാഗവത പ്രകാരം കുമാരിയെയുമാണ് ഇന്നേ ദിവസം പൂജിക്കുന്നത്. ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ ശക്തിചൈതന്യം ഒത്തുചേർന്ന ദുർഗ്ഗാ ഭഗവതിയുടെ മാതൃ രൂപമാണ് ശൈലപുത്രി.
ആത്മാഹൂതി ചെയ്ത സതീദേവി ഹിമവാൻ്റെ കൊട്ടാരത്തിൽ പുനർജനിച്ചു എന്നാണ് വിശ്വാസം. ദേവിക്ക് രണ്ടു കൈകൾ ശിരസിൽ ചന്ദ്രക്കലയും വലതു കൈയ്യിൽ ത്രിശൂലവും ഇടതു കൈയിൽ താമര പൂവും പിടിച്ചിരിക്കുന്നു. ദേവിയുടെ വാഹനം നന്ദീശ്വരൻ എന്ന കാളയാണ്. പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപപുത്രി ദേവി.
ധ്യാനം
വന്ദേ വാഞ്ച്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം
മന്ത്രം
ഓം ശൈലപുത്രൈ നമഃ
ഈ മന്ത്രം ശൈലപുത്രീയായ ദേവിയെ സങ്കല്പിച്ചുകൊണ്ട് ഭക്തിപൂർവ്വം 108 തവണയോ 1008 തവണയോ ജപിക്കുന്നത് സർവ്വ അഭീഷ്ടങ്ങളും സാധിക്കും.
ഇന്നേ ദിവസം 'ശൈലപുത്രി ദേവീസ്തുതി' ജപിക്കുന്നതും ഉത്തമമാണ്.
ശൈലപുത്രി ദേവീസ്തുതി
യാ ദേവീ സർവ്വ ഭൂതേഷു മാ ശൈലപുത്രി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
മാതൃരൂപിണിയായ ദുർഗ്ഗാ ദേവിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിലാണ് ആരാധിക്കുന്നത്. അതുകൊണ്ടാണ് ഈ ദേവി രൂപങ്ങളെ നവ ദുർഗമാർ എന്നറിയപ്പെടുന്നതും. ദേവി കവചത്തിൽ നവ ദുർഗ്ഗകളെ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്....
'പ്രഥമം ശൈലപുത്രീതി
ദ്വിതീയം ബ്രഹ്‌മചാരിണി
തൃതീയം ചന്ദ്രഘണ്ടേതി
കൂശ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കന്ദമേതേതി
ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ
നവദുർഗ്ഗാ പ്രകീർത്തിതാഃ'
നവരാത്രി ഒന്നാം ദിവസം: ഇന്നത്തെ നിറം (2026 ഒക്ടോബർ 11, ഞായറാഴ്ച)
ഓറഞ്ച്: ഇന്ന് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് നവദുർഗ്ഗാ ദേവിയെ ആരാധിക്കുന്നത് ആ വ്യക്തിയിൽ ഊഷ്മളതയും ഉന്മേഷവും നിറയ്ക്കും. പോസിറ്റീവ് ഊർജ്ജം നിറഞ്ഞ ഈ നിറം വ്യക്തിയെ എപ്പോഴും ഉന്മേഷവാനായി നിലനിർത്തും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.