SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Asian Games Cricket: അഭിഷേകും തിലകും തകർത്തടിച്ചു, പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

Sports

പാകിസ്ഥാനെ 19 റൺസിന് തകർത്ത് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നേടി.

Edited by Karthika V Updated by Karthika V
Published: Oct 03, 2026, 03:02 PM | Updated: Oct 03, 2026, 03:02 PM

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ.

ഇന്ത്യക്കായി അഭിഷേക് ശർമയും തിലക് വർമയും അർധസെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് നിരയിൽ ഹസൻ നവാസ് അർധസെഞ്ചുറിയോടെ തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്കായിരുന്നു സ്വർണം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഓപ്പണർ അഭിഷേക് ശർമയുടെയും മധ്യനിരയിൽ തിലക് വർമയുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. വെറും 20 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച അഭിഷേക് ശർമ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ തിലക് വർമയും ശിവം ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ 200 കടത്തുകയായിരുന്നു.

പാകിസ്താനെതിരേ തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഭിഷേക് ശർമയുടെ ബാറ്റിങ് വെടിക്കെട്ടിൽ പവർപ്ലേയിൽ തന്നെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. എന്നാൽ 9 പന്തിൽ രണ്ട് സിക്സറുകളോടെ 15 റൺസെടുത്ത ഓപ്പണർ വൈഭവ് സൂര്യവംശിക്കും, 4 പന്തിൽ 2 റൺസ് മാത്രമെടുത്ത് സഞ്ജു സാംസണും വേഗത്തിൽ മടങ്ങേണ്ടിവന്നു. എങ്കിലും പാക് ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അഭിഷേക് ശർമയുടെ ആറാട്ടിൽ പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 80 കടന്നിരുന്നു.

20 പന്തിൽ അർധ സെഞ്ച്വറി തികച്ച അഭിഷേക് ശർമയുടെ മികവിൽ ഇന്ത്യ മുന്നേറിയെങ്കിലും, എട്ടാം ഓവറിൽ താരം പുറത്തായത് തിരിച്ചടിയായി. 3 ഫോറുകളും 7 സിക്സറുമടക്കം 28 പന്തിൽ 61 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് പത്തോവറിൽ ടീം സ്കോർ 114-ൽ എത്തിച്ചു. എന്നാൽ അഭിഷേകിന്റെ മടക്കത്തിന് പിന്നാലെ റണ്ണൊഴുക്ക് കുറയുകയും ഇഷാൻ (20), ശ്രേയസ് (21) എന്നിവർ വേഗത്തിൽ മടങ്ങുകയും ചെയ്തതോടെ ഇന്ത്യ 14.1 ഓവറിൽ 133-5 എന്ന നിലയിലേക്ക് വീണു.

തുടർന്ന് ക്രീസിലൊന്നിച്ച തിലക് വർമയും ശിവം ദുബെയും ചേർന്ന് 200 കടത്തുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ഇരുവരും 18-ാം ഓവറിൽ 18 റൺസും 19-ാം ഓവറിൽ 23 റൺസും അടിച്ചുകൂട്ടി ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ശിവം ദുബെ 15 പന്തിൽ 27 റൺസും, തിലക് വർമ 22 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി അവരെ പ്രതിരോധത്തിലാക്കി. നാലാം ഓവറിൽ സാഹിബ്‌സാദ ഫർഹാനും (10), അഞ്ചാം ഓവറിൽ ഉസ്മാൻ ഖാനും (3), പിന്നാലെ മാസ് സദാഖാത്തും (23) പുറത്തായതോടെ പാകിസ്താൻ പ്രതിരോധത്തിലായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സയിം അയൂബും (29) ഹസൻ നവാസും ചേർന്ന് പാകിസ്താനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ശിവം ദുബെ സയിം അയൂബിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയെങ്കിലും, മറുവശത്ത് 96 റൺസുമായി തകർത്തടിച്ച ഹസൻ നവാസ് അവസാന നിമിഷം വരെ പാക് പ്രതീക്ഷകൾ നിലനിർത്തി. ഒടുവിൽ നിശ്ചിത ഓവറിൽ 192 റൺസെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author