Sharanya Kheruka: ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ശരണ്യ ഖേരുക്ക; അംഗീകാര നിറവിൽ പാരാ-അത്‌ലറ്റുകളെക്കുറിച്ചുള്ള പുസ്തകം
ശരണ്യ ഖേരുക്കയുടെ മഹാരാഷ്ട്രയിലെ പാരാ-അത്ലറ്റുകളെ കുറിച്ചുള്ള പുസ്തകത്തിന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) പ്രസിഡൻറ് ദേവേന്ദ്ര ജജാരിയയുടെ അംഗീകാരം.
മുംബൈ: ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ശരണ്യ ഖേരുക്ക. 'ലിവിങ് ഹിസ്റ്ററീസ്: സ്റ്റോറീസ് ഓഫ് മഹാരാഷ്ട്രാസ് പാരാലിമ്പ്യൻസ് (Living Histories: Stories of Maharashtra’s Paralympians) എന്ന തൻറെ പുസ്തകത്തിലൂടെ ശ്രദ്ധേയയായി 16കാരിയായ ശരണ്യ ഖേരുക്ക. പാരാലിമ്പിക്സ് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) പ്രസിഡൻറ് ദേവേന്ദ്ര ജജാരിയ ശരണ്യ ഖേരുക്കയെ അഭിനന്ദിച്ചു.
മഹാരാഷ്ട്രയിലെ പാരാ-അത്ലറ്റുകളുടെ പ്രചോദനാത്മകവും എന്നാൽ പലപ്പോഴും പുറംലോകം അറിയാത്തതുമായ കഥകൾ ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നു. പ്രതിസന്ധികൾക്കിടയിലും അവർ ആർജ്ജിച്ച ധൈര്യം, ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവയിലൂടെയുള്ള അവരുടെ ജീവിതയാത്രകളെ ഈ പുസ്തകം രേഖപ്പെടുത്തുന്നു.
പിസിഐ ഡയറക്ടർ സത്യനാരായണൻ, പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പാരാ-അത്ലറ്റുകളായ സുകാന്ത് കദം, സന്ദീപ് സഞ്ജയ് സർഗാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശരണ്യ ഖേരുക്കയെ ആദരിച്ചത്. ഓരോ മെഡലിന് പിന്നിലും പലരും കാണാതെ പോകുന്ന ജീവിതയാത്രകളുണ്ട്. വേദന നിറഞ്ഞ തിരിച്ചടികൾ, അശ്രാന്തമായ പരിശീലനം, ധൈര്യം എന്നിവ നിറഞ്ഞ യാത്രയാണത്.
പാരാ-അത്ലറ്റുകൾ തങ്ങളുടെ വ്യക്തിപരവും ശാരീരികവുമായ വെല്ലുവിളികളെ എങ്ങനെ നേരിട്ടു, തടസങ്ങളെ എങ്ങനെ മറികടുന്നു, ഒടുവിൽ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് എങ്ങനെ ഉയർന്നു എന്നതിനെക്കുറിച്ചെല്ലാം ലിവിംഗ് ഹിസ്റ്ററീസ് വായനക്കാരിലേക്കെത്തിക്കുന്നു.
അന്താരാഷ്ട്ര മെഡലുകളും അസാധാരണമായ നേട്ടങ്ങളും സ്വന്തമാക്കിയിട്ടും ഇവരിൽ പലരും പൊതുസമൂഹത്തിന് പരിചിതരല്ല. ഇനിയും പലരിലേക്കും അവരുടെ പോരാട്ടങ്ങളും വിജയഗാഥകളും എത്തിയിട്ടില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഗത്ഭരായ പാരാ-അത്ലറ്റുകളുടെ പ്രചോദനാത്മകമായ ജീവിതകഥകൾ പലർക്കും അറിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരണ്യ അത്ഭുതപ്പെട്ടു.
ഈ തിരിച്ചറിവാണ് യുവവായനക്കാരിലേക്ക് പാരാ-അത്ലറ്റുകളുടെ ധൈര്യത്തിൻറെയും ദൃഢനിശ്ചയത്തിൻറെയും നേട്ടങ്ങളുടെയും കഥകൾ എത്തിക്കാനും അതുവഴി അവരെ വരുംതലമുറയ്ക്ക് മാതൃകകളാക്കി മാറ്റാനും ശരണ്യയ്ക്ക് പ്രചോദനമായത്. ‘സ്പോർട്സ് എപ്പോഴും എൻറെ ജീവിതത്തിൻറെ ഭാഗമായിരുന്നു. കായികരംഗത്തുണ്ടായ ഒരു പരിക്കാണ് ഞാൻ പ്രതിസന്ധികളെ നോക്കിക്കാണുന്ന രീതിയെ മാറ്റിമറിച്ചത്. അസാധാരണമായ ഈ പാരാലിമ്പിക്സ് താരങ്ങളുമായി സംസാരിക്കുകയും അവരുടെ കഥകൾ കേൾക്കുകയും ചെയ്തപ്പോൾ അവർ നേരിട്ട വെല്ലുവിളികൾക്കിടയിലും തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ കാണിച്ച ധൈര്യവും ദൃഢനിശ്ചയവും എന്നെ വല്ലാതെ സ്പർശിച്ചു’ ശരണ്യ ഖേരുക്ക പറഞ്ഞു.
സുകാന്ത് കദം, സന്ദീപ് സഞ്ജയ് സർഗാർ തുടങ്ങിയ കായിക താരങ്ങളുടെ ജീവിതകഥകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം അവരുടെ കായിക ജീവിതത്തെ രൂപപ്പെടുത്തിയ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്നു. മെഡലുകൾക്കും വിജയങ്ങൾക്കും അപ്പുറം ആ നേട്ടങ്ങൾക്ക് പിന്നിലുള്ള മനുഷ്യരെ പരിചയപ്പെടുത്താനും ശരണ്യ ഈ പുസ്തകത്തിലൂടെ ശ്രദ്ധ നൽകുന്നു. ഓരോ കഥയും മത്സരങ്ങളിൽ പങ്കെടുക്കാൻ മാത്രമല്ല, മുന്നോട്ടുള്ള വഴി അനിശ്ചിതമായിരിക്കുമ്പോൾ പോലും സ്വയം വിശ്വസിക്കാൻ ആവശ്യമായ ദൃഢനിശ്ചയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.