iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sunil Gavaskar: ഇന്ത്യ തോറ്റെങ്കിലും സഞ്ജു തിളങ്ങി! സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെ പ്രശംസിച്ച് സുനിൽ ഗവാസ്കർ

Sports

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും സഞ്ജുവിൻറെ പ്രകടനത്തെ പ്രശംസിച്ച് സുനിൽ ഗവാസ്കർ.

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യ പരാജയം വഴങ്ങിയെങ്കിലും, മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. പിച്ചിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് ബാറ്റിങ്ങിൽ മാറ്റങ്ങൾ വരുത്താൻ സഞ്ജുവിന് സാധിച്ചതായി ഗവാസ്കർ ചൂണ്ടിക്കാട്ടി. ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി സഞ്ജു 23 പന്തിൽ 56 റൺസ് അടിച്ചുകൂട്ടിയിരുന്നു. മത്സരത്തിൽ ഇന്ത്യ 223 റൺസിന് പുറത്താവുകയും 24 റൺസിന്റെ തോൽവി വഴങ്ങുകയും ചെയ്തു. മത്സരശേഷം സ്റ്റാർ സ്‌പോർട്സിൽ സംസാരിക്കവെയാണ് ഗവാസ്കർ സഞ്ജുവിന്റെ ഇന്നിങ്സിനെ പ്രശംസിച്ചത്.

പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തുകൾ പ്രതിരോധിച്ച് തുടങ്ങിയ ശേഷമാണ് സഞ്ജു തന്റെ ആക്രമണ ശൈലിയിലേക്ക് തിരിഞ്ഞതെന്ന് സുനിൽ ഗവാസ്കർ പറ‍ഞ്ഞു. തുടക്കത്തിൽ സഞ്ജു സ്ട്രൈറ്റ് ബാറ്റിൽ കളിച്ചതിനാൽ വിൻഡീസ് ബൗളർമാർക്ക് ലെങ്ത് കുറയ്ക്കേണ്ടതായി വന്നു. ഇത് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഷോട്ട് കളിക്കാൻ സഞ്ജുവിന് അവസരമൊരുക്കി കൊടുക്കുകയായിരുന്നു. വളരെ മനോഹരമായിട്ടാണ് സഞ്ജു ഇന്നിങ്സ് കെട്ടിപ്പടുത്തതെന്നും അദ്ദേഹം പ്രശംസിച്ചു.

കീമോ പോളിന്റെ പന്തിലാണ് സഞ്ജു സാംസൺ പുറത്തായത്. ഇതിനെ കുറിച്ചും സുനിൽ ഗവാസ്കർ രസകരമായി പ്രതികരിച്ചു. അവസാന ഘട്ടത്തിൽ കീമോ പോൾ എറിഞ്ഞ പന്ത് സഞ്ജുവിന് ബാറ്റ് വീശാൻ ആവശ്യത്തിന് സ്പേസ് നൽകിയിരുന്നില്ല. അതിനാലാണ് അവൻ പുറത്തായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്റ് പൂർണ്ണമായി സ്വിങ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ആ പന്ത് ചെന്ന് വീഴുക സെക്കന്തരാബാദിൽ ആയേനെയെന്നും ഗവാസ്കർ തമാശരൂപേണ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.