Zee Football League: കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്ക് ലോകോത്തര പരിശീലനം; ബുണ്ടസ്‌ലിഗ–സീ ഫുട്ബോൾ വീക്കിന് തുടക്കം
2030 ഫിഫ ലോകകപ്പിൽ കേരളത്തെ ഏഷ്യയുടെ ഫാൻ ക്യാപിറ്റലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ജെ. ജനീഷ്.
കൊച്ചി: കേരളത്തിലെ യുവ ഫുട്ബോൾ താരങ്ങൾക്കും പരിശീലകർക്കും ലോകോത്തര പരിശീലന അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബുണ്ടസ്‌ലിഗ–സീ ഫുട്ബോൾ വീക്കിന് തുടക്കമായി. ഈഗിൾസ് എഫ്‌സി കേരളയുടെ നേതൃത്വത്തിൽ ജർമൻ ഫുട്ബോൾ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന കായിക യുവജനകാര്യ മന്ത്രി ഒ. ജെ. ജനീഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ബുണ്ടസ്‌ലിഗ, സീ ടിവി, ബൊറൂസിയ ഡോർട്ട്മുണ്ട്, ഈഗിൾസ് എഫ്‌സി കേരള എന്നിവയുടെ സഹകരണത്തിലൂടെ ജർമനിയിലെ മികച്ച ഫുട്ബോൾ പരിശീലന രീതികൾ കേരളത്തിലേക്ക് എത്തിക്കുന്നത് അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോൾ കേരളത്തിന്റെ വികാരമാണെന്നും ലോകകപ്പ് കാലത്ത് കേരളം ഫുട്ബോൾ ആവേശത്തിന്റെ ആഗോള കേന്ദ്രമായി മാറാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സൂപ്പർ ലീഗിലും സംസ്ഥാനതല ഫുട്ബോൾ മത്സരങ്ങളിലും വലിയ ആരാധകപങ്കാളിത്തമാണ് കേരളത്തിലുള്ളത്. ഈ ആവേശം മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള അവസരമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവ ഫുട്ബോൾ താരങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഫഷണൽ കളിക്കാരാക്കി വളർത്തിയെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
ബുണ്ടസ്‌ലിഗ, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനകളുമായുള്ള സഹകരണവും പരിശീലന ക്യാമ്പുകളും യുവതാരങ്ങൾക്ക് ലോകോത്തര പരിശീലന സാങ്കേതികവിദ്യകൾ പരിചയപ്പെടാൻ അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കോച്ചിങ് ക്ലിനിക്കിനെയും മന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ, ജർമൻ ഫുട്ബോൾ പരിശീലന രീതികൾ കേരളത്തിലെ പരിശീലകർക്ക് പരിചയപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ ഫുട്ബോൾ പരിശീലനത്തിന്റെ നിലവാരം ഉയർത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബുണ്ടസ്‌ലിഗയുടെ ഏഷ്യ പസഫിക് മാനേജിങ് ഡയറക്ടർ കെവിൻ സിം, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഏഷ്യ പസഫിക് മാനേജിങ് ഡയറക്ടർ ഡോ. സുരേഷ് ലെച്ച്മാൻ, ബൊറൂസിയ ഡോർട്ട്മുണ്ട് അക്കാദമി മാനേജിങ് ഡയറക്ടർ ക്രിസ്റ്റ്യൻ ഡെറിക്സ്, മുൻ ജർമൻ താരവും ബൊറൂസിയ ഡോർട്ട്മുണ്ട് മുൻ ക്യാപ്റ്റനുമായ മാർസൽ ഷ്മെൽസർ, ബൊറൂസിയ ഡോർട്ട്മുണ്ട് മുൻ താരം മുസ്തഫ അമിനി, സീ ടിവി പ്രതിനിധി അർണബ് മിത്ര, ഈഗിൾസ് എഫ്‌സി കേരള ചെയർമാൻ ഷാഫി മേത്തർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.