Thiruvananthapuram: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പോലീസ് അതിക്രമമെന്ന് പരാതി; നിഷേധിച്ച് പോലീസ്
വീട്ടിൽ അമ്മ മാത്രമുള്ള സമയത്ത് വന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് എസ്എഫ്ഐ പരാതി.
തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.കെ. നന്ദന്റെ വീട്ടിൽ കയറി കന്റോൺമെന്റ് പോലീസ് അതിക്രമം നടത്തിയതായി പരാതി. നന്ദന്റെ അമ്മ മാത്രം വീട്ടിലുള്ള സമയത്തെത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോശമായി പെരുമാറിയെന്നാണ് ആരോപണം. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയാൽ നന്ദനെ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ ഗോകുൽ ഗോപൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാൽ വീട് പരിശോധിക്കാൻ പോയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് പോലീസ് വീട്ടിലെത്തിയതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കുന്നു. പോലീസെത്തുന്നതും നാട്ടുകാർ ഇത് തടയുന്നതുമായ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ എസ്.ഐ ഗോകുൽ ഗോപന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് എസ്.ഐ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. നന്ദന്റെ അമ്മയോട് പോലീസ് മോശമായി സംസാരിച്ചെന്നും നാട്ടുകാർ പ്രതിഷേധിച്ചതോടെ അവർ പിൻവാങ്ങുകയായിരുന്നു എന്നുമാണ് വിവരം.
അടിയന്തരാവസ്ഥക്കാലത്തല്ലാതെ ഇത്തരമൊരു പോലീസ് പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർ പോലീസിന്റെ ഹീനമായ പ്രവർത്തികളെ ന്യായീകരിക്കുന്നതിന്റെ പിന്തുണയിലാണ് സംസ്ഥാനത്ത് 'ക്രിമിനൽ പോലീസിങ്' നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കന്റോൺമെന്റ് പോലീസും ഡി.സി.പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡുമാണ് നന്ദന്റെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് സഞ്ജീവ് വിശദീകരിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് തിരച്ചിലെങ്കിൽ അന്ന് നന്ദൻ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി കോവളത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.