EPFO Partial Withdrawal: PF പണം പിൻവലിക്കുന്നത് എളുപ്പമാകുന്നു, പുതിയ നിയമങ്ങളുമായി EPFO
അത്യാവശ്യ ആവശ്യങ്ങൾക്ക് പിഎഫ് തുക ഭാഗികമായി പിൻവലിക്കാൻ അനുവദിച്ച് EPFO
അപ്രതീക്ഷിതമായി എത്തുന്ന സാമ്പത്തിക ആവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം അങ്ങനെ വരുമ്പോൾ പ്രൊവിഡന്റ് ഫണ്ടിൽ (PF) നിന്ന് ഭാഗികമായി പണം പിൻവലിക്കാം. ഇതുമായി ബന്ധപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുതിയ നിയമങ്ങൾ അവതരിപ്പിച്ചു.
അത്യാവശ്യ ആവശ്യങ്ങൾ, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുതിയ മാറ്റങ്ങൾ. പുതിയ നിയമപ്രകാരം പിഎഫ് തുക മുൻകൂറായി എപ്പോഴൊക്കെ പിൻവലിക്കാം, ഏതൊക്കെ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഇപിഎഫ്ഒ വ്യക്തമാക്കി.
അത്യാവശ്യ ആവശ്യങ്ങൾ
രോഗം: ഇപിഎഫ്ഒ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്ന ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾക്കും മറ്റ് ചികിത്സാ ചെലവുകൾക്കും എത്ര തവണ വേണമെങ്കിലും പിഎഫ് തുക പിൻവലിക്കുന്നതിന് പരിധിയില്ല.
വിദ്യാഭ്യാസം: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അംഗത്വ കാലയളവിൽ ആകെ പിഎഫ് നിക്ഷേപത്തിൽ നിന്ന് പരമാവധി 10 തവണ വരെ പണം പിൻവലിക്കാൻ സാധിക്കും.
വിവാഹം: തന്റെയോ കുടുംബാംഗങ്ങളുടെയോ വിവാഹച്ചെലവുകൾക്കായി ഇപിഎഫ് അംഗത്വ കാലയളവിൽ ആകെ 5 തവണ വരെ പണം പിൻവലിക്കാം.
വീട് നിർമ്മാണം
വീട്, ഫ്ലാറ്റ് അല്ലെങ്കിൽ പ്ലോട്ട് വാങ്ങുക, വീട് നിർമ്മിക്കുക, ഭവന വായ്പ തിരിച്ചടക്കുക, വീട്/ഫ്ലാറ്റ് പുതുക്കിപ്പണിയുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് അംഗത്വ കാലയളവിൽ പരമാവധി 5 തവണ വരെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം.
പ്രത്യേക സാഹചര്യങ്ങൾ
സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) അറിയിക്കുന്ന പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി രണ്ടുതവണ വരെ വരിക്കാർക്ക് ഇപിഎഫിൽ (EPF) നിന്ന് അഡ്വാൻസ് തുക പിൻവലിക്കാം. പ്രത്യേക സാഹചര്യങ്ങൾ എന്താണെന്ന് വ്യക്തമാക്കി അംഗങ്ങൾക്ക് പണം പിൻവലിക്കാം. പ്രകൃതിദുരന്തങ്ങൾ, തൊഴിലില്ലായ്മ, പകർച്ചവ്യാധി തുടങ്ങിയ സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെടും.
12 മാസം അംഗത്വം പൂർത്തിയാക്കിയ ശേഷം ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതവും അതിലുള്ള പലിശയും ഉൾപ്പെടെയുള്ള ആകെ ഇപിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ അംഗങ്ങൾക്ക് അർഹതയുണ്ട്.
മുൻകൂർ തുക പിൻവലിക്കുന്നതിനായി അംഗങ്ങൾ EPF Form 31 ആണ് ഉപയോഗിക്കേണ്ടത്. EPFO മെമ്പർ ഇ-സേവ പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ ബന്ധപ്പെട്ട ഇപിഎഫ് ഓഫീസിൽ നേരിട്ട് ഹാജരായി ഓഫ്‌ലൈനായോ ഫോം സമർപ്പിക്കാവുന്നതാണ്. തടസങ്ങൾ ഒഴിവാക്കാൻ ആധാർ, പാൻ (PAN), യുഎഎൻ (UAN), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൃത്യമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.